‘ആഘോഷിക്കാനല്ല, അതീവ ജാഗ്രത’; 12 ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

news image
Jul 31, 2024, 4:14 am GMT+0000 payyolionline.in

തിരുവനന്തപുരം: കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ഇന്ന്  (ജൂലൈ 31 ബുധനാഴ്ച ) 12 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊല്ലം, തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും നാളെ അവധിയാണ്. അങ്കൺവാടി മുതൽ പ്രൊഫഷണൽ കോളേജുകൾക്ക് വരെ എല്ലാ ജില്ലകളിലും അവധി ബാധകമാണ്. അവധിയിൽ ഉൾപ്പെട്ടതും അല്ലാത്തതുമായി വിവരങ്ങൾ ഇങ്ങനെ…

കോട്ടയം

കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മദ്രസ, നഴ്സറികൾക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻ്ററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല. പൂർണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തി സ്കൂൾ അധികാരികൾ ക്രമീകരിക്കേണ്ടതാണ്. പൊതു പരീക്ഷകൾക്കും മുൻ നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല.
വയനാട് ജില്ലയിലെ അവധി അറിയിപ്പ്

വയനാട് ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) ജില്ലാ കളക്ടർ  ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ  സ്കൂളുകൾക്ക് അവധി ബാധകമല്ല. പി.എസ്‌.സി പരീക്ഷയ്ക്കും മാറ്റം ഉണ്ടായിരിക്കില്ല.

ആലപ്പുഴ 

ആലപ്പുഴ ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വിവിധ താലൂക്കുകളിലെ നിരവധി സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും നാളെ (31/07/2024 ബുധനാഴ്ച) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അംഗനവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും അവധി നൽകി ജില്ല കളക്ടർ ഉത്തരവായി.  മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

ഇടുക്കി 

മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ബുധനാഴ്ച  (31.7.2024) ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി വിഘ്നേശ്വരി അവധി പ്രഖ്യാപിച്ചു.  അങ്കണവാടികൾ, മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല . പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തി സ്കൂൾ അധികാരികൾ ക്രമീകരിക്കേണ്ടതാണെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.

കോഴിക്കോട്  

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 31) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

എറണാകുളം

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, സ്വകാര്യ ട്യൂഷ൯ സെന്ററുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധ൯ (ജൂലൈ 31) ജില്ലാ കളക്ടർ  അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

പാലക്കാട്  

കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ,  അംഗണവാടികൾ, കിൻറർഗാർട്ടൻ, മദ്രസ്സ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെ  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ( 31.07.2024) ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. ടർഫുകളിലും മറ്റു കളിക്കളങ്ങളിലും കളികളിൽ ഏർപ്പെടുന്നതിൽ നിന്നും  പാലത്തിനും ജലാശയങ്ങൾക്കും സമീപം സെൽഫി എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്നും സുരക്ഷാ കാരണങ്ങളാൽ ഏതാനും ദിവസം വിട്ടുനിൽക്കേണ്ടതാണ്.കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. നഷ്ടമാവുന്ന അധ്യയന ദിനങ്ങൾക്ക് പകരം പ്രവർത്തിദിനങ്ങൾ വിദ്യഭ്യാസ വകുപ്പ് ക്രമീകരിക്കേണ്ടതാണ്.

മലപ്പുറം 

മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ വിനോദ് നാളെയും (31.07.24 ബുധൻ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.

കണ്ണൂര്‍

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (31.07.2024) ജില്ലാ കളക്ടർ  അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.

തൃശൂര്‍ 

തൃശൂര്‍ ജില്ലയില്‍ ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂലൈ 31) ജില്ലയിലെ അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടു. മുഴുവന്‍ വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക്/ കോഴ്‌സുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

കാസർകോട്

ജില്ലയിലെ കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31 2024 ബുധനാഴ്ച) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

പത്തനംതിട്ട 

ശക്തമായ മഴയെത്തുടര്‍ന്ന് ജില്ലയില്‍ നാളെ (31-07-2024) പ്രൊഫഷണൽ കോളേജുകൾ, ട്യൂഷന്‍ സെന്‍ററുകള്‍ ഉള്‍പ്പെടെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe