ആടുജീവിതം നെറ്റിൽ, തലവേദനയായി വ്യാജൻ

news image
Mar 29, 2024, 8:57 am GMT+0000 payyolionline.in

ചെന്നൈ>  സിനിമാ ലോകത്ത് പുതിയ ചർച്ചയായി കുതിക്കുകയാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ മലയാള ചലച്ചിത്രം ആടുജീവിതം. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ആടുജീവിതം പ്രേക്ഷകർ ഏറ്റുവാങ്ങിയതോടെ സിനിമയുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ ലീക്കായത് ഭീഷണിയായി.

കോടികൾ മുതൽ മുടക്കിയ സിനിമയുടെ കോപ്പി കാനഡയിൽ നെറ്റിൽ ലീക്ക് ചെയ്തു എന്നാണ് വാർത്ത. IPTV എന്ന പേരിൽ കിട്ടുന്ന ചാനലുകളിലൂടെയാണ് ഇത് പ്രചരിക്കുന്നത് എന്ന് റിപ്പോര്ട്ട് ചെയ്യപ്പെട്ടു.  കായിക മത്സരങ്ങളിൽ വാതുവെപ്പ് നടത്തുന്ന ഒരു കമ്പനിയായ പാരി മാച്ച് (Pari Match) എന്ന ലോ​ഗോ ഈ വ്യാജപതിപ്പിൽ വ്യക്തമാണ്.

കാനഡയിലും അമേരിക്കയിലുമെല്ലാം റിലീസ് ആയാലുടനെ സിനിമകളുടെ വ്യാജ പതിപ്പുകൾ IPTV കളിൽ എത്തുന്നത് വലിയ തലവേദനയാണ്. സിനിമാ വ്യവസായത്തെ തന്നെ തകർക്കുന്ന ഹാക്കർ സംഘങ്ങളാണ് ഇതിനു പിന്നിൽ. പലപ്പോഴും അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങൾ ആയതിനാൽ നടപടി എളുപ്പമാവാറില്ല.

മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതം റിലീസ് ചെയ്തത്. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനുമാണ് മലയാളത്തിൽ നിന്നുള്ള മറ്റുതാരങ്ങൾ. എ.ആർ. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി ചമയവും നിർവ്വഹിച്ചിരിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe