ലണ്ടൻ : 1912 ൽ മഞ്ഞുമലയിലിടിച്ച് തകർന്ന ആഡംബര കപ്പൽ ടൈറ്റാനിക്കിന്റെ സൂക്ഷ്മവും കൃത്യവുമായ കാഴ്ചകളുമായി ത്രിമാന ചിത്രങ്ങൾ പുറത്തു വന്നു. ആദ്യമായാണ് 4,000 മീറ്റർ താഴ്ചയിലുള്ള കപ്പലിന്റെ ത്രിമാന ചിത്രം പുറത്തെത്തുന്നത്. അത്യാധുനിക ആഴക്കടൽ ചിത്രീകരണം വഴിയാണ് ഇവ പകർത്തിയത്. ഇംഗ്ലണ്ടിലെ സതാംപ്ടണിൽനിന്ന് 1912 ഏപ്രിലിൽ കന്നിയാത്ര പുറപ്പെട്ട കപ്പൽ കാനഡ തീരത്തുനിന്ന് 650 കിലോമീറ്റർ അകലെയെത്തിയപ്പോഴായിരുന്നു മഞ്ഞുമലയിൽ ഇടിച്ചത്. വെള്ളം ഇരച്ചുകയറിയ കപ്പൽ വൈകാതെ മുങ്ങുകയായിരുന്നു.
1985 ൽ കപ്പൽ അവശിഷ്ടം കണ്ടെത്താനായെങ്കിലും പൂർണമായി പകർത്താനായിരുന്നില്ല. ആഴക്കടൽ ചിത്രീകരണ കമ്പനി കഴിഞ്ഞ വർഷം എടുത്ത ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. രണ്ടു ഭാഗങ്ങൾ നെടുകെ മുറിഞ്ഞനിലയിലാണ്. ടൈറ്റാനിക് ദുരന്തവുമായി ബന്ധപ്പെട്ട് നിരവധി സിനിമകൾ പുറത്തുവന്നിട്ടുണ്ട്. ജയിംസ് കാമറൂൺ സംവിധാനം ചെയ്ത ‘ടൈറ്റാനിക്’ അതിലൊന്നാണ്