ആത്മകഥ വിവാദം; ‘ഇ പി കോടതിയെ സമീപിക്കണം’: കോട്ടയം എസ്പിയുടെ റിപ്പോർട്ട്

news image
Dec 28, 2024, 1:55 pm GMT+0000 payyolionline.in

കണ്ണൂർ: മുൻ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗവുമായ ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ കോട്ടയം എസ്പിയുടെ റിപ്പോർട്ട് പുറത്ത്. ഇപി കോടതിയെ സമീപിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. എല്ലാം തെളിയണമെങ്കിൽ കേസെടുത്തുള്ള അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്. വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണ്. പല കാര്യങ്ങളിലും ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്. എന്നാൽ നേരിട്ട് കേസെടുക്കാനാകില്ല. പരാതിക്കാരൻ കോടതിയെ സമീപിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

അതേ സമയം, ഇ. പി. ജയരാജൻെറ ആത്മകഥ ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന് പൊലീസ്. ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ ഇപിയും ഡിസിയും തമ്മിൽ രേഖാമൂലം ധാരണപത്രം ഇല്ലെന്നാണ് കോട്ടയം എസ് പിയുടെ അന്വേഷണ റിപ്പോർട്ട്. കേസ് എടുത്ത് അന്വേഷിക്കണമെങ്കിൽ ഇപി കോടതിയെ സമീപിക്കണമെന്നാണ് പൊലീസ് നിലപാട്

വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു രാഷ്ട്രീയ ബോംബായി ഇപിയുടെ ആത്മകഥാ ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഇത് തന്റെ ആത്മകഥയല്ലെന്ന് ഇ പി പരസ്യനിലപാടെടുത്തതോടെ വിവാദം മുറുകി. ഇപിയുടെ പരാതിയിൽ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന കണ്ടെത്തൽ. ഡിസി ബുക്സിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എവി ശ്രീകുമാർ ആത്മകഥാഭാഗങ്ങൾ ചോർത്തിയെന്നാണ് ഡിജിപിക്ക് നൽകിയ പൊലീസ് റിപ്പോർട്ട്.

ഇപി ജയരാജനും ഡിസി ബുക്സും തമ്മിൽ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ രേഖാമൂലമുള്ള കരാർ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു. ചോർന്നത് ഡിസിയിൽ നിന്നാണെന്ന കണ്ടെത്തൽ ഇപിക്ക് ആശ്വാസം, പക്ഷെ ആത്മകഥാ ഭാഗം ഡിസി ബുക്സിന്റെ പക്കലുണ്ടായിരുന്നുവെന്നത് ഇപിയുടെ വാദങ്ങൾ തള്ളുന്നതാണ്

കരാറില്ലാതെ ഇപിയുമായി വാക്കാലുള്ള ധാരണയുടെ പുറത്ത് ആത്മകഥ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചെന്നായിരുന്നു ഡിസി ബുക്സ് വിവാദ സമയത്ത് അനൗദ്യോഗികമായി പറഞ്ഞിരുന്നത്. ആ വാദം ശരിവെക്കും വിധമാണ് പൊലീസ് കണ്ടെത്തൽ. ചോർന്നുവെന്ന് പറയുമ്പോഴും തുടർ നടപടിയിൽ കോട്ടയം എസ് പിയുടെ റിപ്പോർട്ടിൽ വ്യക്തതയില്ല. നിലവിൽ പകർപ്പവകാശ ലംഘനമെന്ന നിലക്ക് സിവിൽ കേസായാണ് പൊലീസ് കണക്കിലെടുക്കുന്നത്. ഇപി ആരോപിക്കും പോലെ ഗൂഢാലോചനയുണ്ടെെങ്കിൽ ഇപി തന്നെ കോടതിയെ സമീപിക്കണമെന്നാണ് പൊലീസ് നിലപാട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe