കണ്ണൂർ∙ ക്വാർട്ടേഴ്സിൽനിന്ന് എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഇത് പൊലീസ് നശിപ്പിച്ചെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. നവീൻ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യരുതെന്ന ആവശ്യവും യൂത്ത് കോൺഗ്രസ് ഉന്നയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ ഭർത്താവ് പരിയാരത്തു ജോലി ചെയ്യുന്നതിനാൽ തെളിവുകൾ അട്ടിമറിക്കുമെന്നാണ് ആരോപണം. പോസ്റ്റ്മോർട്ടം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും കെപിസിസി അംഗം റിജിൽ മാക്കുറ്റി ആവശ്യപ്പെട്ടു. ദിവ്യയുടെ ഭർത്താവും പരാതിക്കാരനും പരിയാരം മെഡിക്കൽ കോളജിലാണ് ജോലി ചെയ്യുന്നത്.
പരാതിക്കാരൻ എകെജി സെന്റർ സെക്രട്ടറി ബിജു കണ്ടക്കയുടെ ബന്ധുവും കൂടിയാണ്. അതുകൊണ്ട് പരിയാരത്ത് പോസ്റ്റ്മോർട്ടം നടന്നാൽ സുതാര്യമാവില്ല. പോസ്റ്റ്മോർട്ടം കോഴിക്കോട് മെഡിക്കൽ കോളജിലോ മറ്റ് എങ്ങോട്ടെങ്കിലുമോ മാറ്റണം. ദിവ്യ പറഞ്ഞപ്പോൾ നടക്കാത്ത കാര്യം മറ്റേതോ ഉന്നത സിപിഎം നേതാവ് പറഞ്ഞപ്പോൾ നടന്നതിലെ ഈഗോയാണ് ദിവ്യയുടെ നടപടിക്ക് കാരണമെന്നും റിജിൽ പറഞ്ഞു.