ആത്മഹത്യ ചെയ്ത ആദിവാസി യുവാവിനെതിരെ ആൾക്കൂട്ട മർദ്ദനം നടന്നതിന് പ്രാഥമിക തെളിവുകൾ ഇല്ലെന്ന് പൊലീസ്

news image
Feb 12, 2023, 5:07 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം ആത്മഹത്യ ചെയ്ത ആദിവാസി യുവാവിനെതിരെ ആൾക്കൂട്ട മർദ്ദനം നടന്നതിന് പ്രാഥമിക തെളിവുകൾ ഇല്ലെന്ന് പൊലീസ്. മൃതദേഹ പരിശോധനയില്‍ കഴുത്തിൽ കയറ് കുരുങ്ങിയ പാടുകളാണ് കണ്ടത്. യുവാവിന് മേൽ മോഷണ കുറ്റം ആരോപിച്ചെങ്കിലും പരാതിക്കാർ ഇല്ലെന്ന്  മെഡിക്കൽ കോളേജ് എസിപി കെ. സുദർശനൻ വിശദമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തിൽ, ഭാര്യക്കൊപ്പമെത്തിയ ആദിവാസി യുവാവ് ഇന്നലെയാണ് തൂങ്ങി മരിച്ചത്.

 

സംഭവത്തിൽ ആരോപണവിധേയരായ സുരക്ഷാ ജീവനക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. എന്നാല്‍ ഇല്ലാത്ത മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചതാണ് വിശ്വനാഥൻ ജീവനൊടുക്കാൻ കാരണമെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. വിശ്വനാഥന്റെ സംസ്കാരം ഇന്ന് കൽപ്പറ്റ പറവയൽ കോളനിയിലെ വീട്ടുവളപ്പിൽ നടക്കും. ഭാര്യയുടെ പ്രസവത്തിനായി എത്തിയ ഇയാളെ ഇന്നലെ രാവിലെ മുതൽ  കാണാതായിരുന്നു. വീട്ടുകാരുടെ പരാതിയിൽ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.

15 മീറ്റർ ഉയരമുള്ള മരത്തിൽ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. പണവും മൊബൈൽ ഫോണും അടക്കം മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തതായും ഇല്ലാത്ത കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതിനുശേഷമാണ് ആശുപത്രിയിൽ നിന്ന് കാണാതെ ആയതെന്നും വിശ്വനാഥന്റെ ഭാര്യ മാതാവ് ലീല ഇന്നലെ പ്രതികരിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe