‘ആത്മാവിനെ വേർപെടുത്തും, ഇഷ്ടമുള്ളിടത്തേക്കു പറക്കാം’, കേഡലിന്റെ തന്ത്രം പൊളിഞ്ഞു; എന്താണ് ‘ആസ്ട്രൽ പ്രൊജക്‌ഷൻ’?

news image
May 13, 2025, 4:51 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ ആത്മാവിനെ ശരീരത്തിൽനിന്നു വേർപെടുത്തുമെന്നു വിശ്വസിക്കപ്പെടുന്ന ‘ആസ്ട്രൽ പ്രൊജക്‌ഷൻ’ കഥ മെനഞ്ഞാണ് നന്തൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജീൻസൺ രാജ (34) പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചത്. എന്നാൽ, മനശാസ്ത്രജ്ഞരുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ തന്ത്രങ്ങൾ പാളി. പിതാവിനോടുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു വ്യക്തമായി. ശാസ്ത്രീയ തെളിവുകളും പൊലീസിനെ സഹായിച്ചു. കേസിൽ ഇന്ന് കോടതി വിധി പറയും.

 

2017 ഏപ്രിലിൽ നന്തൻകോട് ബെയിൻസ് കോംപൗണ്ട് 117ൽ റിട്ട. പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീൻ പദ്മ, മകൾ കാരലിൻ, ബന്ധു ലളിത എന്നിവരെയാണു രാജ– ജീൻ ദമ്പതികളുടെ മകൻ കേഡൽ കൊലപ്പെടുത്തിയത്. 15 വർഷമായി ‘ആസ്ട്രൽ പ്രൊജക്‌ഷൻ’ രീതി പരിശീലിക്കുന്നുണ്ടെന്നും തന്റെ ശരീരത്തിൽ മറ്റാരോ പ്രവേശിച്ചെന്നും അയാളാണു കൊല നടത്തിയതെന്നും പറഞ്ഞ പ്രതി സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്. തുടർന്ന് മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം ഡോക്ടറുടെ പരിശോധനയ്ക്കു വിധേയനാക്കി. ഡോക്ടറുടെ സാന്നിധ്യത്തിൽ ചോദ്യംചെയ്തു. കേഡലിനു മാനസികമായ പ്രശ്നങ്ങളൊന്നുമില്ലെന്നു ബോധ്യപ്പെട്ടു. വീട്ടിൽ നേരിട്ട അവഗണനയ്ക്കുള്ള പ്രതികാരമായാണു കൊലപാതകങ്ങൾ നടത്തിയതെന്ന് ഒടുവിൽ കേഡൽ പൊലീസിനോട് വെളിപ്പെടുത്തി.

∙ എന്താണ് ‘ആസ്ട്രൽ പ്രൊജക്‌ഷൻ’

കൂടുവിട്ടു കൂടുമാറ്റം എന്നൊക്കെ പറയാവുന്ന തരം ബ്ലാക് മാജിക്കാണ് ആസ്ട്രൽ പ്രൊജക്‌ഷൻ. ശരീരംവിട്ട് ആത്മാവ് മറ്റെവിടെയോ സഞ്ചരിക്കുകയാണെന്ന തോന്നലുണ്ടാക്കുന്ന മനോനിലയാണിത്. അല്ലെങ്കിൽ, ഒരാൾക്ക് ഒരേസമയം രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ എത്തിച്ചേരാനാകുമെന്നു തോന്നിപ്പിക്കുന്ന അവസ്ഥ. ആത്മാവിനെ ശരീരത്തിൽനിന്നു മോചിപ്പിച്ചു മറ്റൊരു ലോകത്തേക്ക് എത്തിക്കാനുള്ള ആസ്ട്രൽ പ്രൊജക്‌ഷൻ പരീക്ഷണമാണു താൻ നടത്തിയതെന്നായിരുന്നു കേ‍ഡലിന്റെ ആദ്യ മൊഴി.

ആസ്ട്രൽ എന്ന വാക്കിനു നക്ഷത്രമയം എന്നാണ് അർഥം. താന്ത്രിക വിദ്യയിലേതുപോലെയുള്ള മാർഗങ്ങളാണു ഇതു പരിശീലിക്കുന്ന സാത്താൻ സേവക്കാരും പ്രയോഗിക്കുന്നത്. ആസ്ട്രൽ പ്രൊജക്‌ഷൻ പരീക്ഷണത്തിൽ വിജയിച്ചാൽ വിശാലമായതും മറ്റുള്ളവർക്കു കാണാൻ പറ്റാത്തതുമായ കാഴ്ചകൾ കാണാനാകുമെന്നാണു വിശ്വാസം. വ്യക്തികളുടെ ആത്മാവിനെ ഇതുവഴി സ്പർശിക്കാനാകുമെന്നും ഇത് പ്രയോഗിക്കുന്നവർ പ്രചരിപ്പിക്കുന്നു.

ആസ്ട്രൽ പ്രൊജക്‌ഷൻ അഥവാ ഡ്രീം യോഗയിൽ വർഷങ്ങളായി അകപ്പെട്ടു പോയ ഒട്ടേറെ ആളുകളുണ്ട്. ഇതിൽ എത്താൻ ഘട്ടങ്ങൾ അഭ്യസിക്കണം എന്നു പറഞ്ഞാണ് ഇതിന്റെ പ്രചാരകർ ഇരകളെ വീഴ്ത്തുന്നത്. ഉന്മാദവും ഭ്രാന്തും ചേർന്ന മാനസിക നിലയിലേക്കാണ് ഇരകളെ എത്തിക്കുന്നത്. ആസ്ട്രൽ പ്രൊജക്‌ഷൻ സംബന്ധിച്ചുള്ള മറ്റു പ്രചാരണങ്ങൾ ഇങ്ങനെ : ആസ്ട്രൽ പ്രൊജക‌്ഷൻ നടത്തിയ വ്യക്തിക്ക് അതിഭയങ്കരമായ ഊർജവും ധൈര്യവും കിട്ടും. ഒരുവിധ ശക്തിക്കും അയാളെ തൊടാനാകില്ല. ഈ അവസ്ഥയിൽ ഇഷ്ടമുള്ളിടത്തേക്കു പറക്കാനാകും. ആസ്ട്രൽ ട്രാവൽ എന്നാണിത് അറിയപ്പെടുന്നത്. ഇഷ്ടത്തിനനുസരിച്ച് ലോകത്തെ മാറ്റാനാകുമെന്നും വിശ്വസിപ്പിക്കും. ഇത്തരം ചെയ്തികൾ മതിഭ്രമമുണ്ടാക്കിയേക്കാമെന്നു മനഃശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe