ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ ആദിത്യ എൽ-1ന്റെ മൂന്നാം ഭ്രമണപഥമുയർത്തലും വിജയകരം. സെപ്റ്റംബർ 15നാണ് ആദിത്യ എൽ വണ്ണിന്റെ ഭ്രമണപഥം ഇനി വീണ്ടും ഉയർത്തുക. ഞായറാഴ്ച പുലർച്ചെ 2:30നാണ് ഭ്രമണപഥം ഉയർത്തിയതെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
മൗറീഷ്യസ്, ബംഗളൂരു, ശ്രീഹരിക്കോട്ട, പോർട്ട് ബ്ലെയർ തുടങ്ങിയ സ്ഥലങ്ങളിലെ ഗ്രൗണ്ട് സ്റ്റേഷനുകൾ ഭ്രമണപഥം ഉയർത്തുന്ന സമയത്ത് സാറ്റ്ലൈറ്റിനെ ട്രാക്ക് ചെയ്തുവെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. ഉപഗ്രഹത്തിന്റെ ഭൂമിയോട് അടുത്തുള്ള ഭ്രമണപഥ പാത 296 കിലോ മീറ്ററും അകലെയുള്ളത് 71,767 കിലോ മീറ്ററുമാണ്. സെപ്റ്റംബർ 15ലെ ഭ്രമണപഥം ഉയർത്തലിന് ശേഷം സമാനമായ രണ്ട് ഉയർത്തലുകൾ കൂടിയുണ്ടാവുമെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ സൗരപര്യവേക്ഷണ വാഹനമായ ആദിത്യ എൽ1, 2023 സെപ്റ്റംബർ രണ്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുമാണ് വിക്ഷേപിച്ചത്. പി.എസ്.എൽ.വി സി-57 റോക്കറ്റായിരുന്നു വിക്ഷേപണ വാഹനം. നാലുമാസത്തോളം നീണ്ടുനിൽക്കുന്ന യാത്രക്കൊടുവിൽ, 2024 ജനുവരി ആദ്യവാരത്തിൽ ആദിത്യ ലക്ഷ്യസ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചുള്ള പഠനമാണ് ആദിത്യ ദൗത്യത്തിന്റെ പ്രധാനലക്ഷ്യം.