ആദിവാസി മേഖലയിലെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍-വീണ ജോര്‍ജ്

news image
Oct 30, 2024, 10:41 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ് എന്നീ വകുപ്പുകള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഫലപ്രദമായി നടപ്പിലാക്കാന്‍ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ (എസ്.ഒ.പി.) തയാറാക്കും.

ആദിവാസി മേഖലയിലെ പോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അമ്മയും കുഞ്ഞും പദ്ധതി, മാതൃ ശിശു മരണങ്ങള്‍ കുറക്കുക, അരിവാള്‍ രോഗികളുടെ പ്രശ്‌നങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍, മാനസികാരോഗ്യം, വിമുക്തി തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ വിലയിരുത്തിയാകും ആക്ഷന്‍പ്ലാനും എസ്.ഒ.പിയും തയാറാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

ആദിവാസി മേഖലയിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ് എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ശില്‍പശാല സംഘടിപ്പിച്ചു. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ ആദിവാസി, തീരദേശ മേഖലയുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.

ആരോഗ്യവകുപ്പിന് കീഴില്‍ നിരവധി പദ്ധതികള്‍ ഗോത്ര വര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളുകളുടെ ഉന്നമനത്തിനായി നടത്തി വരുന്നുണ്ട്. അതോടൊപ്പം പട്ടികവര്‍ഗ വകുപ്പിന് കീഴിലും നിരവധി പദ്ധതികള്‍ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തി വരുന്നുണ്ട്. സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സാമൂഹ്യനീതി വകുപ്പും അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം ഉറപ്പാക്കാനായി വനിത ശിശു വികസന വകുപ്പും വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.

ഇത്തരം പദ്ധതികളെക്കുറിച്ച് മനസിലാക്കാനും ഈ പദ്ധതികളുടെ ഗുണഫലം ഒരുപോലെ ആദിവാസി മേഖലയിലെ ജനങ്ങളിലേക്ക് എത്തിക്കാനും അവരുടെ ആരോഗ്യ ഉന്നമനം ലക്ഷ്യമിട്ടുമാണ് ശില്‍പശാല സംഘടിപ്പിച്ചത്.

ആദിവാസി മേഖലയിലെ ജനങ്ങളുടെ ആരോഗ്യം ഉറപ്പ് വരുത്താനായി ഈ സര്‍ക്കാര്‍ സമഗ്ര ആരോഗ്യ പരിപാടിക്ക് തുടക്കമിട്ടു. ഇടുക്കിയിലെ ഇടമലക്കുടി, ചട്ടമൂന്നാര്‍ ആശുപത്രികള്‍ യാഥാർഥ്യമാക്കി. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെ താലൂക്ക് ആസ്ഥാന ആശുപത്രിയായി ഉയര്‍ത്തി. അട്ടപ്പാടിക്കായി സ്‌പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍ തയാറാക്കി.

പെന്‍ട്രിക കൂട്ട എന്ന പേരില്‍ സ്ത്രീകളുടെ കൂട്ടായ്മ ഉണ്ടാക്കി. ആദിവാസി മേഖലയിലെ ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 11.78 കോടി പ്രത്യേകമായി അനുവദിച്ചു. കോട്ടത്തറ ആശുപത്രിയില്‍ സ്തനാര്‍ബുദ ശസ്ത്രക്രിയ വിജയകരമായി ആരംഭിച്ചു. സിക്കിള്‍സെല്‍ രോഗികളുടെ ചികിത്സക്കായി പ്രത്യേക പ്രാധാന്യം നല്‍കി. 34 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമിട്ട് പീരുമേട് ആശുപത്രിയില്‍ ലേബര്‍ റൂം സജ്ജമാക്കി. ഇത് കൂടാതെയാണ് സംയോജിതമായ ഇടപെടലുകളിലൂടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe