മലപ്പുറം : പ്രതിരോധ കുത്തിവയ്പെടുത്തിട്ടും പേവിഷബാധയേറ്റ ബാലിക മരിച്ചതിന്റെ ഞെട്ടലിലാണ് മലയാളികൾ. തെരുവുനായ്ക്കളുടെ സാന്നിധ്യം അനുദിനം പെരുകുന്ന കേരളത്തിലെ നിരത്തുകളിലൂടെ ജീവൻ പണയം വച്ചാണ് കാൽനടക്കാരുടെയും ഇരുചക്ര വാഹനയാത്രക്കാരുടെയും സഞ്ചാരം. തെരുവുനായ്ക്കൾ വീടിനുള്ളിലേക്ക് വരെ ഓടിക്കയറി ആക്രമണം നടത്തുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. പേവിഷ ബാധയ്ക്കു മുന്നിൽ മരുന്നുകൾ പോലും പരാജയപ്പെടുമ്പോൾ, നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെപ്പറ്റിയാണ് പ്രധാന ചർച്ചകൾ. നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് ജീവനും ജീവിതവും തിരികെപ്പിടിക്കാൻ സാധിക്കുന്ന ചില അറിവുകളുമായി എത്തുകയാണ് ഐഎംഎ സംസ്ഥാന സമിതി റിസർച് സെൽ കൺവീനർ ഡോ. രാജീവ് ജയദേവൻ.
∙ ആദ്യ മിനിറ്റുകൾ പ്രധാനം
പേപ്പട്ടി കടിച്ചാൽ ഓടിച്ചെന്ന് കുത്തിവയ്പെടുക്കുകയല്ല ആദ്യം വേണ്ടത്. കടിയേറ്റ ഭാഗം മുഴുവൻ ഏറെ നേരം സോപ്പ്, വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയാണ്. മുറിവിലുള്ള വൈറസ് പരമാവധി ഒഴിവാക്കാൻ ഇത് ഉപകരിക്കും. പേവിഷബാധയ്ക്കുള്ള സാധ്യത അതോടെ നന്നേ കുറയുന്നു. അതിനു ശേഷം കുത്തിവയ്പ് എടുക്കുകയും വേണം. ആളുകൾക്ക് മുറിവു കഴുകുന്നതിന്റെ പ്രാധാന്യത്തെ പറ്റി അവബോധം കുറവാണ്. പേവിഷ പ്രതിരോധ കുത്തിവയ്പെടുത്താലും (ആന്റി റേബീസ് വാക്സീൻ) അപൂർവമായി പേവിഷബാധയ്ക്ക് സാധ്യതയുണ്ട്. എവിടെയാണ് കടിയേറ്റത് എന്നതിനെക്കൂടി ആശ്രയിച്ചാണത്.
∙ വൈറസ് ‘സ്പീഡ്’ ദിവസം
ഒന്നോ രണ്ടോ സെന്റിമീറ്റർ! കടിയേറ്റ ഭാഗത്തെ മുറിവിലൂടെയാണ് പേപ്പട്ടിയുടെ ഉമിനീരിൽ നിന്നുള്ള വൈറസ് മനുഷ്യ ശരീരത്തിലേക്ക് കടക്കുന്നത്. ഇത് നാഡികളിലൂടെ സഞ്ചരിച്ച് സുഷുമ്നയിലും തലച്ചോറിലുമെത്തുമ്പോഴാണ് പേവിഷ ബാധയുണ്ടാകുന്നത്. വളരെ സാവധനമാണ് ഈ നീക്കം. സാധാരണ ഒരു ദിവസം ഒന്നോ രണ്ടോ സെന്റി മീറ്റർ മാത്രമാണ് ഇവയ്ക്ക് സഞ്ചരിക്കാനാകുക. അതുകൊണ്ടു തന്നെ കടിയേറ്റ ഭാഗത്തു നിന്ന്
തലച്ചോറിലേക്കെത്തുന്നതിന് മുൻപേ വാക്സീൻ ഉപയോഗിച്ച് ഇവയെ നിർവീര്യമാക്കുകയാണ് ചെയ്യുന്നത്. തലച്ചോറിനെ ബാധിച്ച് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ പിന്നെ ചികിത്സ ദുർഘടമാണ്.
∙ വാക്സീൻ എടുത്തിട്ടും എന്തുകൊണ്ട് പേവിഷബാധ?
നാഡികൾ കൂടുതലുള്ള തല, മൂക്ക്, ചെവി, ചുണ്ട്, മുഖം, കഴുത്ത്, വിരൽത്തുമ്പുകൾ എന്നീ ഭാഗങ്ങളിലാണ് കടിക്കുന്നതെങ്കിൽ റിസ്ക് കൂടുതലാണ്. കാലിലോ ശരീരത്തിന്റെ താഴെ ഭാഗങ്ങളിലോ ആണ് കടിയേൽക്കുന്നതെങ്കിൽ ദൂരം മൂലം വൈറസ് തലച്ചോറിലെത്താൻ ഏറെ സമയമെടുക്കും. ചിലപ്പോൾ ഒരു മാസം വരെയാകാം. എന്നാൽ കടിക്കുന്നത് തല ഭാഗത്താണെങ്കിൽ കുറഞ്ഞ സമയം മതി. പ്രതിരോധ വാക്സീൻ, ആന്റിബോഡികൾ ഇവ ശരീരത്തിൽ ഏൽക്കുന്നതിനു മുൻപേ വൈറസ് തലച്ചോറിൽ കടന്ന് വിഷബാധയുണ്ടാക്കിയേക്കാം. ഇതാണ് വാക്സീൻ എടുത്താലും ചിലർക്ക് പേവിഷ ബാധയുണ്ടാകാൻ കാരണം.
∙ കുട്ടികളെ കടിക്കുമ്പോൾ അപകടം കൂടുതൽ
മുതിർന്നവരെ പട്ടി കടിക്കുന്നത് മിക്കപ്പോഴും കാലിലോ ശരീരത്തിന്റെ താഴെ ഭാഗങ്ങളിലോ ആകും. വീഴ്ചയിലാണ് മറ്റു ഭാഗങ്ങളിൽ കടിക്കാനുള്ള സാധ്യത. എന്നാൽ ഉയരം കുറവായതിനാൽ കുട്ടികളുടെ തലയിലോ കഴുത്തിലോ മുഖത്തോ ഒക്കെ പെട്ടെന്ന് കടിയേൽക്കാം. ഇത് കുട്ടികളിൽ പെട്ടെന്ന് പേവിഷബാധയുണ്ടാക്കാൻ ഇടയാക്കുന്നു.
∙ പട്ടി കടിക്കാതിരിക്കാൻ എന്തു ചെയ്യണം?
പേപ്പട്ടി ഓടി വരുന്നത് കണ്ടാൽ രക്ഷപ്പെടാൻ സുരക്ഷിതമായ ഇടത്തേക്ക് മാറണം. ഉയരത്തിലേക്ക് കയറി നിൽക്കാം. മതിലോ വാഹനങ്ങളോ ഉണ്ടെങ്കിൽ അതിനു മുകളിലേക്ക് കയറണം. ഗേറ്റ് ഉണ്ടെങ്കിൽ വേഗം തുറന്ന് അകത്ത് കയറി അടയ്ക്കാം. കടയ്ക്കകത്തേക്ക് കയറി ഷട്ടറോ ഗ്ലാസോ ഇടാം. അതത് സാഹചര്യങ്ങളിൽ ഏറ്റവും സുരക്ഷിത ഇടം തേടാം.
ഇനി ഓടുന്നതിനിടയിൽ വീഴുകയും പട്ടി കടിക്കുമെന്ന് ഉറപ്പാകുകയും ചെയ്താലോ? മുഷ്ടികൾ ചുരുട്ടി ഇരു ചെവികളും പൊത്തി തല ഭാഗത്തും വിരലുകളുടെ അറ്റത്തും കടിയേൽക്കാത്ത വിധത്തിൽ ‘റ’ പോലെ ചുരുണ്ടു കിടക്കാം. അപ്പോൾ വിരൽതുമ്പത്തും ചെവിയിലും മുഖത്തും മറ്റും കടിയേൽക്കാതെ രക്ഷപ്പെടാം.
∙ 2 തരം കുത്തിവയ്പുകൾ
പേവിഷബാധയ്ക്ക് 2 തരം കുത്തിവയ്പുകളാണുള്ളത്. മുറിവിന്റെ കാഠിന്യമനുസരിച്ചാണ് ഡോക്ടർ ഇത് നിർദേശിക്കുന്നത്. ഇൻട്രാഡെർമൽ റേബീസ് വാക്സീൻ (ഐഡിആർവി), ആന്റി ബോഡി അഥവാ ഇമ്മ്യൂണോ ഗ്ലോബുലിൻ കുത്തിവയ്പ് എന്നിവയാണത്.