മണ്ണാര്‍ക്കാട്: കെ.എസ്.ആര്.ടി.സിയുടെ ആനവണ്ടിയിലെ ഉല്ലാസയാത്രകളെ മണ്ണാർക്കാട് ഇരുകൈയും നീട്ടി സ്വീകരിച്ചതായി കണക്കുകൾ. കഴിഞ്ഞമാസം മുതല്‍ ആരംഭിച്ച പദ്ധതി വിജയകരമായതോടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വിനോദയാത്ര പാക്കേജുകള്‍ ഒരുക്കാനൊരുങ്ങുകയാണ് കെ.എസ്.ആര്.ടി.സി മണ്ണാർക്കാട് സബ് ഡിപ്പോ. ചുരുങ്ങിയ ചെലവില്‍ മനോഹരമായ യാത്രകള്‍ക്ക് സൗകര്യമൊരുക്കുന്നതാണ് മണ്ണാര്‍ക്കാട് ബജറ്റ് ടൂറിസം സെല്‍. നെല്ലിയാമ്പതി, മലക്കപ്പാറ, മൂന്നാര്‍, ആലപ്പുഴ ബോട്ട് സര്‍വിസ്, സ്കൂള്‍ കുട്ടികളുടെ ടൂര്‍പാക്കേജ് എന്നിങ്ങനെ ഒമ്പത് യാത്രകളാണ് ഡിസംബറില്‍ പൂര്‍ത്തിയാക്കിയത്. മുന്നൂറോളം പേര് ഇതില്‍ പങ്കാളികളായി. അഞ്ച് ലക്ഷത്തോളം രൂപ വരുമാനം ലഭിച്ചതായി ബജറ്റ് ടൂറിസം സെല്‍ അധികൃതര്‍ അറിയിച്ചു.
ജനുവരിയില്‍ ഒമ്പത് യാത്രകളുണ്ട്. ഗവിയിലേക്കും മണ്ണാർക്കാട് നിന്നും സർവിസ് ആരംഭിക്കാനും പദ്ധതിയുണ്ട്. കൂടാതെ ആഡംബര കപ്പല്‍ യാത്രയുമാണ് ഈമാസത്തെ ആകര്‍ഷീണയത. അഞ്ചു മുതല്‍ 30 വരെ ഇടവിട്ട ദിവസങ്ങളിലായാണ് ഉല്ലാസയാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്. അഞ്ചിനും 19നും നെല്ലിയാമ്പതിയിലേക്ക് ഒരു ദിവസത്തെ യാത്രക്ക് ഒരാള്‍ക്ക് 590 രൂപയാണ് ഈടാക്കുന്നത്. രാവിലെ ആറിന് മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും ഓര്‍ഡിനറി ബസ് പുറപ്പെടും. 10ന് മറയൂരിലേക്ക് രണ്ട് ദിവസത്തെ യാത്രയാണ്. ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക് 1880 രൂപയാണ്. ജീപ്പ് സഫാരിയും ഉച്ചഭക്ഷണവും ഇതില്‍ ഉള്‍പ്പെടും. 12ന് മലക്കപ്പാറയിലേക്ക് പോകും. പുലര്‍ച്ചെ അഞ്ചിന് ഫാസ്റ്റ് പാസഞ്ചര്‍ ഡിപ്പോയില്‍ നിന്നും പുറപ്പെടും. അതിരപ്പിള്ളി, വാഴച്ചാല്‍, ഷോളയാര്‍ ഡാം എന്നിവയും ഈ യാത്രയില്‍ കാണാം. 970 രൂപയാണ് ഒരു ദിവസത്തെ യാത്രക്കായി ഈടാക്കുന്നത്.
14നും 21നും ആലുവയിലെ തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്കാണ് യാത്ര. പുലര്‍ച്ചെ അഞ്ചിന് ബസ് പുറപ്പെടും. 600 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്. 18നാണ് ഗവിയിലേക്കുള്ള രണ്ട് ദിവസത്തെ യാത്ര. രാത്രി ഒമ്പതിന് ബസ് പുറപ്പെടും. ഗവിയിലെത്തി അടവി, പരുന്തുംപാറ എന്നിവയെല്ലാം കാണാം. ജംഗിള്‍ സഫാരി, പ്രവേശനം, ഉച്ചഭക്ഷണം ഉള്‍പ്പടെ ഒരാള്‍ക്ക് 3000 രൂപയാണ് ഈടാക്കുന്നത്. 26നാണ് ആലപ്പുഴ യാത്ര. ആലപ്പുഴ ബോട്ട് സര്‍വിസിന് ഒരാള്‍ക്ക് 1830 രൂപയാണ് നിരക്ക് വരുന്നത്. ഉച്ചഭക്ഷണം, പ്രവേശന ഫീസ്, ചായ ലഘുഭക്ഷണം എന്നിവ ഇതില്‍ ഉള്‍പ്പെടും. പുലര്‍ച്ചെ നാലിന് ബസ് പുറപ്പെടും. 30ന് നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍യാത്രയും നടത്താം. ഉച്ചഭക്ഷണം ഉള്‍പ്പടെ ഒരാള്‍ക്ക് 3830 രൂപയാണ് ഈടാക്കുന്നത്. രാവിലെ ഒമ്പതിന് ബസ് പുറപ്പെടും.
മണ്ണാര്‍ക്കാട് നിന്നുള്ളവര്‍ക്ക് പുറമെ പാലക്കാട് നിന്നുള്ള യാത്രക്കാര്‍ക്കും കയറാവുന്ന രീതിയിലാണ് യാത്രകള്‍ ഒരുക്കിയിട്ടുള്ളത്. വിനോദയാത്രകള്‍ മണ്ണാര്‍ക്കാട്ടുകാര്‍ ഏറ്റെടുത്തതോടെ തീർഥാടനയാത്രകള്ക്കും തുടക്കമിട്ടുകഴിഞ്ഞു. എല്ലാ മാസവും ശബരിമലദര്‍ശനത്തിനുള്ള പാക്കേജുകള്‍ ക്രമീകരിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ ശബരിമല, ചോറ്റാനിക്കര, ഗുരുവായൂര്‍, നാലമ്പല ദര്‍ശനം, വിവിധ പ്രധാന ക്ഷേത്രങ്ങള്‍ തുടങ്ങിയ തീർഥാടനകേന്ദ്രങ്ങളിലും യാത്ര ഒരുക്കും. സ്കൂള്‍ കൂട്ടികള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേക ടൂര്പാക്കേജുകളുമുണ്ട്. വിവാഹം പോലെയുള്ള മറ്റ് ആവശ്യങ്ങള്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് അനുസരിച്ച് ബസ് വിട്ടുനല്‍കും. യാത്രപോകാന്‍ താല്പര്യമുള്ളവര്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും 9446353081, 8075347381, 9446384081.