ആനാട് സുനിത കൊലക്കേസ്: ഒമ്പത് വർഷത്തിന് ശേഷം മൃതദേഹത്തിന്‍റെ ഡി.എൻ.എ പരിശോധന വീണ്ടും

news image
Nov 20, 2022, 11:36 am GMT+0000 payyolionline.in

തിരുവനന്തപുരം: ആനാട് വേങ്കവിള വേട്ടമ്പളളി സ്വദേശി സുനിതയെ ചുട്ടുകൊന്ന കേസിലെ സുപ്രധാന ശാസ്ത്രീയ തെളിവായ ഡി.എന്‍.എ പരിശോധനാ ഫലം കോടതിയില്‍ ഇല്ല. പൊലീസിന്റെ ഭാഗത്ത് വന്ന ഈ ഗുരുതര വീഴ്ച പരിഹരിക്കാന്‍ കൊല്ലപ്പെട്ട സുനിതയുടെ മക്കളുടെ

രക്തസാമ്പിളുകള്‍ ശേഖരിച്ച് ഡി.എന്‍.എ പരിശോധന നടത്താന്‍ കോടതി നിര്‍ദേശം നല്‍കി. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയത്.

സ്ത്രീധന കൂടുതലിനായി നാലാമത് വിവാഹം കഴിക്കാന്‍ പ്രതി ജോയ് ആന്‍റണി തന്റെ മൂന്നാം ഭാര്യയായ സുനിതയെ ചുട്ട് കൊന്ന് മൂന്ന് കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തളളിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. രണ്ട് ആഴ്ചകൾക്ക് ശേഷം സുനിതയുടെ ശരീരാവശിഷ്ടങ്ങൾ ഭർത്താവ് ജോയ് ആന്‍റണിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നും ആർ.ഡി.ഒയുടെ നേതൃത്വത്തിൽ പൊലീസ് കണ്ടെടുത്തു.

കുറ്റപത്രം സമര്‍പ്പിച്ച അന്നത്തെ നെടുമങ്ങാട് സി.ഐ എസ്. സുരേഷ് കുമാര്‍ കൊല്ലപ്പെട്ടത് സുനിത തന്നെ എന്ന് സ്ഥാപിക്കുന്ന ശാസ്ത്രീയ തെളിവൊന്നും കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. ഈ ശാസ്ത്രീയ തെളിവ് ഇല്ലാത്തിടത്തോളം ‘സുനിത ഇപ്പോഴും ജീവിച്ചിരിക്കുന്നു’ എന്ന പ്രതിഭാഗം വാദം വിജയിക്കുമെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കൊല്ലപ്പെട്ട സുനിതയുടെ ശരീരാവശിഷ്ടങ്ങള്‍ ഇപ്പോഴും ഫോറന്‍സിക് ലാബില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അവ സുനിതയുടെ മക്കളുടെ ഡി.എന്‍.എയുമായി ഒത്ത് ചേരുമോ എന്ന് പരിശോധിക്കാന്‍ അനുവദിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടത്.

പ്രതിഭാഗത്തിന്റ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് കോടതി സുനിതയുടെ മക്കളും കേസിലെ നിര്‍ണായക സാക്ഷികളുമായിരുന്ന ജോ മോളോടും ജീന മോളോടും ഈ മാസം 23ന് ഹാജരായി ഡി.എന്‍.എ പരിശോധനക്ക് ആവശ്യമായ രക്തസാമ്പിള്‍ നല്‍കാന്‍ നിര്‍ദേശിച്ചത്. കുട്ടികളുടെ രക്തസാമ്പിൾ ശേഖരിച്ച് ഹാജരാക്കാൻ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ടിനോട് കോടതി നിർദേശം നൽകി.

2013 ആഗസ്റ്റ് മൂന്നിനാണ് പ്രതി സുനിതയെ മണ്ണെണ്ണ ഒഴിച്ച് ചുട്ട് കൊന്നത്. പ്രതിക്ക് വേണ്ടി ക്ലാരന്‍സ് മിറാന്‍ഡയും പ്രോസിക്യൂഷന് വേണ്ടി എം. സലാഹുദ്ദീന്‍, ദീപ വിശ്വനാഥ്, മോഹിത മോഹന്‍ എന്നിവര്‍ ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe