ആന്ധ്രപ്രദേശിലെ കോനസീമ ജില്ലയിൽ ഒഎൻജിസി എണ്ണക്കിണറിലുണ്ടായ വാതകച്ചോർച്ചയെത്തുടർന്ന് വൻ തീപിടുത്തം. രാജോൽ മേഖലയിലെ ഇരുസുമണ്ഡ ഗ്രാമത്തിലാണ് സംഭവം. അപകടത്തെത്തുടർന്ന് മേഖലയിൽ കനത്ത ജാഗ്രത പ്രഖ്യാപിക്കുകയും സമീപത്തെ മൂന്ന് ഗ്രാമങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകളെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു
ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെച്ചിരുന്ന എണ്ണക്കിണറിൽ വർക്ക്ഓവർ റിഗ് ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണിക്കിടെ പെട്ടെന്നുണ്ടായ വൻ സ്‌ഫോടനത്തിൽ ക്രൂഡ് ഓയിലും വാതകവും ആകാശത്തേക്ക് അതിശക്തമായി ചീറ്റുകയായിരുന്നു. ഇതിന് പിന്നാലെ വാതകത്തിന് തീപിടിക്കുകയും ചെയ്തു. വാതകച്ചോർച്ചയെത്തുടർന്ന് പ്രദേശം മുഴുവൻ കനത്ത പുകയും ഗ്യാസും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
അപകടത്തെ തുടർന്ന് അധികൃതർ മൈക്കിലൂടെ ഗ്രാമവാസികൾക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തും ജില്ലാ ഭരണകൂടവും ഇടപെട്ട് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പലരും വളർത്തുമൃഗങ്ങളുമായിട്ടാണ് ഗ്രാമം വിട്ടത്. ഒഎൻജിസിയിലെ വിദഗ്ധ സംഘം സ്ഥലത്തെത്തി ചോർച്ച നിയന്ത്രിക്കാനും തീ അണയ്ക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. മുതിർന്ന ജില്ലാ ഉദ്യോഗസ്ഥരും ഒഎൻജിസി അധികൃതരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
