ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാൻ മാർഗരേഖ പുറത്തിറക്കി കേരളം; രാജ്യത്ത് ആദ്യം

news image
Mar 12, 2024, 12:26 pm GMT+0000 payyolionline.in

തിരുവനന്തപുരം> ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാൻ ജില്ലാതല എഎംആർ (ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്) കമ്മിറ്റികൾക്കുള്ള പ്രവർത്തന മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഇതുൾക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് രാജ്യത്തിന് മാതൃകയായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.

രാജ്യത്ത് ആദ്യമായി സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കി. രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും എഎംആർ കമ്മിറ്റികൾ രൂപീകരിച്ചു. കൂടുതൽ ആശുപത്രികളെ കാർസ്‌നെറ്റ് ശൃംഖലയിലേക്കും ആന്റിബയോട്ടിക് സ്മാർട്ടിലേക്കും മാറ്റിയിട്ടുണ്ട്. മുമ്പ് ബ്ലോക്ക്തല എ.എം.ആർ. കമ്മിറ്റികൾക്കുള്ള മാർഗരേഖ പുറത്തിറക്കിയിരുന്നു. ഇതുകൂടാതെയാണ് സംസ്ഥാനത്ത് ആദ്യമായി ജില്ലാതല എ.എം.ആർ. കമ്മിറ്റികൾക്കുള്ള പ്രവർത്തന മാർഗരേഖ പുറത്തിറക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ചെയർമാനായുള്ള എ.എം.ആർ. വർക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആർ. എക്‌സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവർത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാർഗരേഖയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആർ. ലബോട്ടറികളുടെ പ്രവർത്തന മാർഗരേഖയും പുറത്തിറക്കി. നിർണയ ലാബ് നെറ്റുവർക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കുന്നതാണ്. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാൻ സാധിക്കുന്നു.

പ്രാഥമിക തലത്തിലുള്ള ആശുപത്രികൾക്കുള്ള മാർഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കുന്നതിനുള്ള മാർഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആർ. അവബോധ പോസ്റ്ററുകൾ ആശുപത്രിയിൽ പ്രദർശിപ്പിക്കണം. എല്ലാ ആരോഗ്യ പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും അണുബാധ നിയന്ത്രണ പ്രവർത്തനങ്ങളിലും എ.എം.ആർ പ്രതിരോധത്തിലും പരിശീലനം നൽകണം. പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം. ആശുപത്രികളിൽ ഇൻഫെക്ഷൻ കൺട്രോൾ കമ്മിറ്റിയും ആന്റിമൈക്രോബിയൽ സ്റ്റ്യൂവാർഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം.

ഡബ്ല്യു.എച്ച്.ഒ.യുടെ സർജിക്കൽ സേഫ്റ്റി ചെക്ക്ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകൾ ശരിയായ രീതിയിൽ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം. ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തേണ്ടതാണ്. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe