മുംബൈ: ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നനായ മുകേഷ് അമ്പാനിയുടെ മുംബൈയിലെ വസതിയിലേക്ക് ജോലിക്കാരെ നിയമിക്കുന്നതായി വാർത്തകൾ പുറത്ത് വരികയാണ്.15000 കോടി വിലമതിപ്പുള്ള ആഢംബര വസതിയായ ആന്റിലിയയിലേക്കാണ് ജീവനക്കാരെ നിയമിക്കുന്നത്.
ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള വസതികളിലൊന്നാണ് ആന്റിലിയ. വൻകിട കോർപ്പറേറ്റ് ഉദ്യോഗസ്ഥരുടേതിന് സമാനമായി ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന അറുനൂറിലധികം ജീവനക്കാരാണ് ഇവിടെയുള്ളത്. മുകേഷ് അമ്പാനിയുടെ പേഴ്സണൽ ഡ്രൈവർക്ക് മാസം 2 ലക്ഷം ശമ്പളം ഉണ്ടെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. 14536 മുതൽ 55869 വരെയാണ് റിലയൻസ് ഇൻഡസ്ട്രീസിലെ സുരക്ഷാ ജീവനക്കാരുടെ ശമ്പള നിരക്ക്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അമ്പാനി കുടുംബത്തിൽ ഒരു ജോലി കിട്ടുക അത്ര എളുപ്പമല്ല. ടി.വി9ഹിന്ദി റിപ്പോർട്ട് പ്രകാരം എഴുത്ത് പരീക്ഷയും അഭിമുഖവും വിജയിക്കുന്നവർക്ക് മാത്രമേ ആന്റിലിയയിൽ ജോലി ലഭിക്കൂ. ഓരോ ജോലിക്കും അപേക്ഷിക്കുന്നവർക്ക് നിർദിഷ്ട യോഗ്യതകൾ ഉണ്ടായിരിക്കണം. ഉദാഹരണത്തിന് കുലിനറി ഡിഗ്രി പാസായവർക്ക് മാത്രമേ ഷെഫ് ജോലിക്ക് അപേക്ഷിക്കാനാകൂ. പാത്രം കഴുകുന്ന ജോലിക്കു പോലും കർശനമായ സ്ക്രീനിംങ് പ്രോസസ് ഉണ്ട്. ഉയർന്ന ശമ്പളത്തിനൊപ്പം ആരോഗ്യ ഇൻഷുറൻസും മറ്റ് കോർപ്പറേറ്റ് ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും ലഭിക്കുമെന്നതാണ് മറ്റൊരു നേട്ടം.