കൊച്ചി: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ജോയിയുടെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ. കൊച്ചിയിലെ ബ്രഹ്മപുര മാലിന്യ പ്രശ്നം പരിശോധിച്ച അമിക്കസ് ക്യൂറിയോട് തിരുവനന്തപുരത്തെത്തി ആമയിഴഞ്ചാൻ തോട് ദുരന്തം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദാംശങ്ങൾ അറിയിക്കണമെന്ന് തിരുവനന്തപുരം മുനിസിപ്പൽ കോര്‍പറേഷനും ഹൈക്കോടതി നിര്‍ദ്ദേശം നൽകി. പരസ്പരം പഴിചാരാനുള്ള സമയമല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടൽ. മാലിന്യം തള്ളാതിരിക്കാനുള്ള നിർമ്മിതികൾ നടത്തിയിരുന്നുവെന്ന് റെയിൽവേ ഇന്ന് കേസ് പരിഗണിച്ചപ്പോൾ വാദിച്ചു. റെയിൽവേയുടെ സ്ഥലത്തിന് പുറത്തും മാലിന്യം നിറഞ്ഞ് കടക്കുന്ന അവസ്ഥയാണെന്നും റെയിൽവെ ചൂണ്ടിക്കാട്ടി. ഇതോടെയാണ് സ്ഥലം സന്ദര്‍ശിക്കാൻ അമിക്കസ് ക്യൂറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകിയത്.
