തിരുവനന്തപുരം: ആയുഷ് മിഷൻ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിന് പണം നൽകിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് ഹരിദാസൻ. തിങ്കളാഴ്‌ച പകൽ മുഴുവൻ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഹരിദാസന്റെ കുറ്റസമ്മതം.
അഖിൽ മാത്യുവിന്‍റെ പേര് പറഞ്ഞത് ബാസിത്തിന്‍റെ നിർദ്ദേശപ്രകാരമാണെന്നും സെക്രട്ടറിയേറ്റ് അനക്‌സ് രണ്ട് പരിസരത്ത് വച്ച് ആർക്കും പണം കൈമാറിയില്ലെന്നും ഹരിദാസന്‍ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിന് പണം നൽകിയെന്ന് പറഞ്ഞ ഇയാൾ പിന്നീട് പണം നൽകിയത് ആർക്കാണെന്നും എവിടെ വെച്ചാണെന്നും ഓർമയില്ലെന്ന് പറഞ്ഞിരുന്നു. ഒടുവിൽ ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഹരിദാസൻ താൻ പറഞ്ഞത് നുണയാണെന്നും എല്ലാം ഗൂഡാലോചനയുടെ ഭാഗമായിരുന്നുവെന്നും സമ്മതിച്ചത്.