ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ പി എൽ) 18 സീസൺ ആയെങ്കിലും ഇതുവരെ കിരീടത്തിൽ മുത്തമിടാൻ സാധിക്കാത്ത ടീമുകളുടെ കലാശപ്പോര് ആണ് ഇന്ന്. പഞ്ചാബ് കിങ്സും (പി ബി കെ എസ്) റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും (ആർ സി ബി) തമ്മിൽ ഇന്ന് വൈകിട്ട് 7.30 മുതൽ അഹമ്മദാബാദിലാണ് മത്സരം.
മൂന്ന് തവണ ഫൈനൽ കളിച്ചെങ്കിലും ബംഗളൂരുവിന് ഇതുവരെ കിരീടം ലഭിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ 2016ലായിരുന്നു ഫൈനൽ. വിരാട് കോഹ്ലിയുടെ സ്വപ്ന കിരീടം കൂടിയാണ് ഇത്. പഞ്ചാബ് ഒരുതവണയാണ് ഫൈനൽ കളിച്ചത്. 2014ല്‍ കൊൽക്കത്തയോടാണ് പഞ്ചാബ് തോറ്റത്. ലീഗ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇരുടീമുകള്‍ക്കും 19 പോയിന്റായിരുന്നു. പക്ഷേ നേരിയ റൺനിരക്കിൽ മുന്നിലായതിനാൽ ഒന്നാം സ്ഥാനത്ത് പഞ്ചാബ് ആയിരുന്നു.
അതേസമയം, ഒന്നാം ക്വാളിഫയറിൽ പഞ്ചാബിനെ ചുരുട്ടിക്കൂട്ടിയ ആത്മവിശ്വാസം ബാംഗ്ലൂരിനുണ്ട്. രണ്ടാം ക്വാളിഫയറിൽ മുംബൈയെ തച്ചൊടിച്ച വമ്പുമായാണ് പഞ്ചാബിൻ്റെ വരവ്. മാത്രമല്ല, അഹമ്മദാബാദിൽ ജയിച്ചതിൻ്റെ ആനുകൂല്യവും പഞ്ചാബിനുണ്ട്. ഏതായാലും ഇന്ന് തീപാറും പോര് ആകുമെന്നുറപ്പ്.