ആരും കാണാൻ വന്നില്ല, വിളിച്ചില്ല, ചികിത്സയ്ക്ക് സഹായം വേണം; വർക്കല ട്രെയിൻ ആക്രമണത്തിൽ പരിക്കേറ്റ ശ്രീക്കുട്ടി

news image
Apr 12, 2026, 9:51 am GMT+0000 payyolionline.in

തിരുവനന്തപുരം: വർക്കല ട്രെയിൻ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടിയുടെ തുടർചികിത്സക്ക് സർക്കാർ സഹായിച്ചില്ലെന്ന് പരാതി. നിലവിൽ മഞ്ചേരി സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീക്കുട്ടി. സ്വബോധത്തിലേയ്ക്ക് തിരിച്ച് വന്നതിന് ശേഷം ആരെങ്കിലും കാണാൻ വരികയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് ശ്രീക്കുട്ടി പറഞ്ഞു. നിലവിലെ ചികത്സയ്ക്ക് സർക്കാരിന്റെ സഹായം ഇല്ലാതെ മുന്നോട്ട് പോകാനാവില്ലെന്നും ശ്രീക്കുട്ടി പറഞ്ഞു.

2025 നവംബർ ആദ്യവാരം കേരള എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് ലഹരിക്കടിമയായ സഹയാത്രികൻ ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. അപകടത്തിൽ പരിക്കേറ്റ ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. മാസങ്ങളോളം നീണ്ട തീവ്രപരിചരണത്തിനും ചികിത്സയ്ക്കും ശേഷം കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് ശ്രീക്കുട്ടിയെ ഡിസ്ചാർജ് ചെയ്തിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കുശേഷം ഡിസംബർ 25-നാണ് ശ്രീക്കുട്ടിയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിനേറ്റ ക്ഷതം കാരണം അതീവ ​ഗുരുതരവസ്ഥയിലായിരുന്നു ശ്രീക്കുട്ടിയുടെ അവസ്ഥ. കൂടാതെ ഇടതു തോളിനും പരിക്കേറ്റിരുന്നു. ശ്വസനത്തിനായി ട്രക്കിയോസ്റ്റമിയും ഭക്ഷണത്തിനായി ട്യൂബും ഘടിപ്പിച്ചിരുന്നു.

ന്യൂറോ റീഹാബിലിറ്റേഷൻ പദ്ധതിയുടെ ഭാഗമായി, ഓക്സിജൻ തെറാപ്പി, ശ്വസന വ്യായാമങ്ങൾ, ഭക്ഷണം സ്വയം വിഴുങ്ങാനുള്ള പരിശീലനം, ഓർമ്മശക്തിയും ചിന്താശേഷിയും ഉണർത്താനുള്ള ചികിത്സകൾ, ചലനശേഷി പടിപടിയായി വീണ്ടെടുക്കാനുള്ള പരിശീലനം എന്നിവയുൾപ്പെടെയുള്ള ചിട്ടയായ ചികിത്സാ രീതികളാണ് ശ്രീക്കുട്ടിക്ക് നൽകിയത്. ഇഎൻടി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, ന്യൂറോളജി, എൻഡോക്രൈനോളജി, ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗങ്ങളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് ശ്രീക്കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe