ഭോപാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ (കെഎൻപി) ആറ് ചീറ്റകളുടെ റേഡിയോ കോളറുകൾ ആരോഗ്യപരിശോധനയ്‌ക്കായി നീക്കം ചെയ്‌തതായി അധികൃതർ അറിയിച്ചു. കെഎൻപിയിലെ മൃഗഡോക്ടർമാരും നമീബിയയിൽനിന്നും ദക്ഷിണാഫ്രിക്കയിൽനിന്നുമുള്ള വിദഗ്‌ധരുമാണ് ചീറ്റകളെ പരിശോധിക്കുക.
റേഡിയോ കോളർ നീക്കം ചെയ്‌ത ആറ് ചീറ്റകളും പൂർണ ആരോഗ്യവാൻമാരാണെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ പ്രായപൂർത്തിയായ 11 ചീറ്റകളാണ് ഇവിടെയുള്ളത്. ആറ് ആണും അഞ്ച് പെണ്ണും. പ്രോജക്ട് ചീറ്റയ്ക്ക് കീഴിൽ നമീബിയയിൽനിന്നും ദക്ഷിണാഫ്രിക്കയിൽനിന്നും കെഎൻപിയിലേക്ക് റേഡിയോ കോളർ ഘടിപ്പിച്ച 20 ചീറ്റകളെയാണ് ഇറക്കുമതി ചെയ്‌തത്. ഈ വർഷം മാർച്ച് മുതൽ പ്രായപൂർത്തിയായ അഞ്ച് ചീറ്റകളും മൂന്ന് കുഞ്ഞുങ്ങളും ചത്തിരുന്നു. ഒരു വർഷത്തിനുള്ളിൽ കെഎൻപിയിൽ എട്ട് ചീറ്റകൾ ചത്തത് നല്ല സൂചനയല്ലെന്ന് ജൂലൈ 20ന് സുപ്രീം കോടതി പറഞ്ഞിരുന്നു.