പയ്യോളി: കുടുംബാരോഗ്യകേന്ദ്രം ഇരിങ്ങൽ പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പയ്യോളി നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ ശുചിത്വ പരിശോധന നടത്തി. ഹോട്ടലുകൾ, ബേക്കറികൾ, സ്വകാര്യ ആശുപത്രികൾ, പയ്യോളി മിക്സ്ചർ നിർമ്മാണം നടത്തുന്ന വിവിധ യൂണിറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
സുരക്ഷിതമല്ലാതെ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പരിശോധനയിൽ നോട്ടീസ് നൽകി. ഹെൽത്ത് കാർഡ് ഇല്ലാതെ ഭക്ഷണ വസ്തുക്കൾ നിർമ്മിക്കുന്നതും വിൽപ്പന നടത്തുന്നതുമായ വ്യക്തികൾക്കെതിരെ പൊതുജനാരോഗ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി . കുടിവെള്ള ശുചിത്വം ഉറപ്പുവരുത്താൻ കൃത്യമായി ഇടവേളകളിൽ പരിശോധന നടത്താത്ത സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. കേന്ദ്ര പുകയില നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെയും നടപടികൾ സ്വീകരിച്ചു. നിയമപ്രകാരമുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതിനും ,സ്ഥാപന പരിസരത്ത് വ്യാപകമായി പുകവലിച്ച് മാലിന്യം നിക്ഷേപിച്ചതും ശ്രദ്ധയിൽപ്പെട്ട വിവിധ സ്ഥാപനങ്ങളിൽ നി 4200 രൂപ പിഴ ഈടാക്കി .
പരിശോധനയ്ക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.വി.നൂർജഹാൻ , കെ ഫാത്തിമ, പി.കെ. സാദത്ത്, കെ.വി.രജിഷ, പി.കെ .ഷാജി എന്നിവരും പങ്കെടുത്തു.