‘ആരോരുമില്ലാത്ത സ്ത്രീയോട് ക്രൂരത’: വീടില്ലാതായ ലീലയ്ക്ക് താമസ സൗകര്യം ഒരുക്കുമെന്ന് വി ഡി സതീശൻ

news image
Oct 23, 2023, 4:53 am GMT+0000 payyolionline.in

കൊച്ചി: എറണാകുളം വടക്കൻ പറവൂരില്‍ സഹോദര പുത്രൻ വീട് പൊളിച്ചു കളഞ്ഞതിനെ തുടര്‍ന്ന് ദുരിതത്തിലായ ലീലയ്ക്ക് സഹായ വാഗ്ദാനവുമായി നിരവധി പേരെത്തി. ലീലയ്ക്ക് സംരക്ഷണം നൽകുമെന്ന് സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉറപ്പ് നല്‍കി.

സ്വത്ത് തർക്കം മൂലം വ്യാഴാഴ്ചയാണ് ലീല താമസിച്ചിരുന്ന വീട് സഹോദരന്‍റെ മകൻ രമേശ് പൊളിച്ചു കളഞ്ഞത്. അന്നു മുതല്‍ ലീല അന്തിയുറങ്ങാൻ ഇടമില്ലാത്ത സ്ഥിതിയിലാണ്. അവിവാഹിതയായ 56കാരിക്ക് നേരെയുണ്ടായ ക്രൂരത പുറംലോകം അറിഞ്ഞതോടെ നാട്ടുകാരടക്കം നിരവധി പേര്‍ സഹായവുമായി എത്തി. സ്ഥലം എംഎല്‍എ കൂടിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ലീലയെ സന്ദർശിച്ച് ആശ്വസിപ്പിച്ചു.

രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഈ പറമ്പില്‍ തന്നെ ലീലക്ക് താമസിക്കാൻ താത്ക്കാലിക സംവിധാനം ഉണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്ഥിരം താമസ സൗകര്യം കൂടിയാലോചിച്ച് ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ആരും ശല്യപ്പെടുത്താതെ അന്തിയുറങ്ങാൻ ഒരു വീട് സ്വന്തമായി വേണമെന്ന ആഗ്രഹം ലീല എല്ലാവര്‍ക്കും മുന്നില്‍ വച്ചു. ലീലയുടെ പരാതിയില്‍ രമേശിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണ്.

സംരക്ഷിക്കാമെന്ന ധാരണയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലീല വീട് സഹോദരന്‍ ശിവന്‍റെ പേരിലേക്ക് മാറ്റി നല്‍കിയത്. രണ്ടു വര്‍ഷം മുമ്പ് ശിവന്‍ മരിച്ചു. ഇതോടെ ഉടമസ്ഥാവകാശം മകന്‍ രമേശനായി. തുടര്‍ന്ന് ലീലയെ വീട്ടില്‍നിന്ന് പുറത്താക്കാന്‍ നിരന്തര ശ്രമങ്ങളുണ്ടായെന്നാണ് പരാതി. ഇതിനൊടുവിലാണ് വീട് ഇടിച്ചുനിരത്തുന്ന സംഭവം നടന്നത്. അച്ഛന്‍റെ പേരിലുള്ള സ്ഥലത്തിന്‍റെ അവകാശി താനാണെന്നാണ് രമേശൻ പറയുന്നത്. ബാങ്ക് വായ്പ ജപ്തി ഘട്ടത്തിലായതോടെ വീട് ഇടിച്ച് നിരത്തി 22 സെന്‍റിൽ ഒരു വിഹിതം വിൽപന നടത്താനാണ് രമേശൻ പദ്ധതിയിട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe