‘ആറ് ലക്ഷം നൽകിയെന്ന വാദം കള്ളം’; നിയമനടപടിക്കൊരുങ്ങി കരുവന്നൂരിൽ മരിച്ച നിക്ഷേപകൻ ശശിയുടെ കുടുംബം 

news image
Oct 6, 2023, 6:10 am GMT+0000 payyolionline.in

തൃശൂർ : വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി കരുവന്നൂരില്‍ മരിച്ച നിക്ഷേപകൻ ശശിയുടെ കുടുംബം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹോദരന് ചികിത്സയ്ക്കായി 6 ലക്ഷം നല്‍കിയെന്ന ബാങ്കിന്‍റെയും സിപിഎം സൈബര്‍ പ്രൊഫൈലുകളുടെയും പ്രചാരണം കള്ളമാണെന്ന് കുടുംബം പ്രതികരിച്ചു. ചികിത്സയിലായിരുന്നു ശശി മരിക്കും വരെ ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ മാത്രമാണ് കിട്ടിയത്. തെളിവായി അക്കൗണ്ട് രേഖകള്‍ കൈയ്യിലുണ്ടെന്നും സഹോദരി മിനി പറഞ്ഞു.

 

”ആഗസ്റ്റ് 22 നാണ് സഹോദരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 23 ന് ബാങ്കിൽ അപേക്ഷ നൽകിയപ്പോൾ അമ്പതിനായിരം രൂപ തന്നു. ആശുപത്രിയിലെ രേഖകളും ഡോക്ടറുടെ കുറിപ്പും വെച്ച് വീണ്ടും അപേക്ഷിച്ചപ്പോൾ  സെപ്റ്റംബർ ഒന്നാം തിയ്യതി ഒരു ലക്ഷവും പിന്നീട് 14 ന് നാൽപ്പതിനായിരം രൂപയും തന്നു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിന് ശേഷം,  ആഗസ്റ്റ് 22 തിയ്യതി മുതൽ സെപ്റ്റംബ‍‍ര്‍ 14 വരെ ഒരു ലക്ഷത്തിതെണ്ണൂറായിരം രൂപയാണ് ബാങ്ക് നൽകിയത്. ഇത് തെളിയിക്കാൻ രേഖകളുണ്ട്.

 

 

സഹോദരൻ രോഗബാധിതനാണെന്നും ചികിത്സയ്ക്ക് വേണ്ടി അമ്മയുടെ എഫ് ഡി അക്കൊണ്ടിലെ പണം തരണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ സമ‍ർപ്പിച്ചത്. ആറ് ലക്ഷം നൽകിയെന്ന വാദം കള്ളമാണ്. രണ്ട് പേരുടെയും അക്കൊണ്ടിലായി 14 ലക്ഷം രൂപ ഉണ്ടായിരുന്നു”. ഇപ്പോൾ രണ്ട് പേരുടെയും അക്കൊണ്ടിലായി 13 ലക്ഷം ബാക്കിയുണ്ടെന്നും മിനി വിശദീകരിച്ചു.

രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കരുവന്നൂര്‍ കൊളങ്ങാട്ട് ശശി കഴിഞ്ഞ മാസം 30 നാണ് മരിച്ചത്.ആഗസ്റ്റ് 22 ന് രോഗം ഗുരുതരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഡോക്ട‍‍ര്‍മാ‍ര്‍ അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് ആവശ്യപ്പെട്ടു.  അഞ്ച് ലക്ഷം വേണ്ടിടത്ത് ബാങ്ക് പല തവണയായി നല്‍കിയത് 1,90,000 രൂപ മാത്രമായിരുന്നു. പതിനാല് ലക്ഷം രൂപ ശശിയുടെയും അമ്മയുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപമുള്ള സമയത്താണ് നിക്ഷേപകൻ ചികിത്സ കിട്ടാതെ മരിച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe