ആലപ്പുഴയിൽ ലാത്തിചാർജിൽ മേഘയുടെ കഴുത്തിന് ക്ഷതം, കൈയ്ക്ക് ബലക്കുറവ്, 25 ലക്ഷം വായ്പയെടുത്ത് തുടങ്ങിയ സംരംഭം പ്രതിസന്ധിയിൽ

news image
Jan 26, 2024, 5:18 am GMT+0000 payyolionline.in

ആലപ്പുഴ: ആലപ്പുഴയിൽ കളക്ട്രേറ്റ് മാർച്ചിനിടെ ഉണ്ടായ ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവ് മേഘ രഞ്ജിത്ത് ഇപ്പോഴും ആശുപത്രി കിടക്കയിലാണ്. രണ്ട് മാസത്തെ പൂ‍ർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. 25 ലക്ഷം രൂപ വായ്പയെടുത്ത് മേഘ തുടങ്ങിയ പുതിയ സംരംഭത്തിന്‍റെ പ്രവർത്തനം പോലും പ്രതിസന്ധിയിലായ അവസ്ഥയാണ്.

 

“അടി കിട്ടിയതു മാത്രമേ ഓര്‍മയുള്ളൂ. വേദന വന്ന് ശ്വാസം എടുക്കാന്‍ കഴിയാതെയായി ബോധം പോയി. തലയിലാരോ അടിക്കുന്നത് പോലെയുള്ള വേദനയാണ്”- മേഘ പറയുന്നു.

 

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മേഘ രഞ്ജിത്ത്. ലാത്തി കൊണ്ടുള്ള അടിയില്‍ കഴുത്തിലെ അസ്ഥികള്‍ തെന്നിമാറി. ഞരമ്പിന് ക്ഷതമേറ്റു. നിവർന്നിരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. അമ്മയെ കാത്ത് വീട്ടിലിരിക്കുന്ന അഞ്ചാം ക്ലാസുകാരി മകളെ ഓര്‍ക്കുമ്പോള്‍ സങ്കടം കൂടും- “അമ്മ അടുത്തില്ലാത്തതു കൊണ്ട് പഠിക്കാന്‍ കഴിയുന്നില്ലെന്നാ അവള്‍ പറയുന്നെ. മിസ് ഇന്നലെ വിളിച്ചപ്പോള്‍ ഇനി പാർവണ മുടി രണ്ടായി പിന്നി കെട്ടണ്ട, പറ്റുംപോലെ കെട്ടിയാ മതിയെന്ന് പറഞ്ഞു”.

 

ജീവിതമാർഗമായി കായംകുളത്ത് ഒരു ബ്യൂട്ടി സലൂണ്‍ തുടങ്ങിയിരുന്നു. വായ്പയെടുത്ത് തുടങ്ങിയ സംരംഭം കിടപ്പിലായതോടെ ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോവും എന്നറിയില്ല- “ഡോക്ടര്‍ പറഞ്ഞത് ഇനി ഒരിക്കലും വണ്ടി ഓടിക്കരുതെന്നാണ്. കൈയ്ക്ക് ബലക്കുറവുണ്ട്. ലോണെടുത്ത് സ്ഥാപനം തുടങ്ങിയിട്ട് 10 മാസമേ ആയുള്ളൂ. അവിടത്തെ ജോലികളെല്ലാം എന്‍റെ കൈകൊണ്ട് ചെയ്യേണ്ടതാണ്. എന്‍റെ ജീവിതം ഇനി എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയാത്ത അവസ്ഥയാണ്. കഴുത്തിലെ പരിക്ക് മാറാന്‍ മാസങ്ങളെടുക്കും എന്നാണ് ഡോക്ടര്‍മാർ പറഞ്ഞത്”- മേഘ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറിയാണ് മേഘ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe