ആലപ്പുഴ മെഡിക്കൽ വിദ്യാർത്ഥികളുടെ മരണം: അപകടത്തിന് കാരണം കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം

news image
Dec 3, 2024, 3:21 am GMT+0000 payyolionline.in

ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ച ദാരുണ അപകടത്തിന്  കാരണമായത് കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം. ഓവർടേക്ക് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് അപകട കാരണമെന്ന് എംവിഡി ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നിഗമനം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിച്ചാണ് അപകടമുണ്ടായത്.

 

മരിച്ച അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെയും പോസ്റ്റ്‌ മോർട്ടം ഇന്ന് രാവിലെ 9 മണിക്ക് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. 8.30 ഓടെ പോസ്റ്റ്‌മോർട്ടം തുടങ്ങും. മെഡിക്കൽ കോളേജിലെ പൊതുദർശനത്തിന് ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുക. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു ദാരുണമായ അപകടം. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിൽ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട്പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്. വാടകയ്ക്ക് എടുത്ത ടവേര കാറിലായിരുന്നു സംഘം യാത്ര ചെയ്തത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe