ആലുവ കോടതിയിൽ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച മുൻ ക്ലർക്കിന് 23 വർഷം കഠിന തടവ്

news image
Oct 18, 2023, 11:57 am GMT+0000 payyolionline.in

കൊച്ചി: കോടതിയിലെ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച ക്ലാർക്കിന് 23 വർഷം കഠിന തടവ് ശിക്ഷ. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ മുൻ ബെഞ്ച് ക്ലർക്ക് മറ്റൂർ സ്വദേശി മാർട്ടിനെയാണ് പറവൂർ അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്.

ആലുവ കോടതിയിലെ താത്കാലിക ജീവനക്കാരിയെ 2016 ഫെബ്രുവരി 10 മുതൽ മെയ് 24 വരെ കാലത്ത് കോടതിയിലെ ഹാളിലും ശുചിമുറിയിലും വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നും പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ച നടത്തിയെന്നുമാണ് കേസ്. 53 കാരനാണ് പ്രതി മാർട്ടിൻ. വിവിധ വകുപ്പുകളിലായി 23 വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

പീഡനത്തെ തുടർന്ന് മാനസികമായി പ്രയാസങ്ങൾ നേരിട്ട യുവതി ഭർത്താവിനോട് കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. ഭർത്താവ് യുവതിയെ കൗൺസിലിങിന് എത്തിച്ചു. പിന്നീട് ആലുവ ഈസ്റ്റ് പൊലീസിൽ പരാതി നൽകി. കുറ്റകൃത്യം നടന്നത് കോടതി കെട്ടിടത്തിലായതിനാലും പ്രതി കോടതിയിലെ സ്ഥിരം ജീവനക്കാരനായതിനാലും കേസ് ആലുവയിൽ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ കോടതി ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ആലുവ ഈസ്റ്റ് സിഐ ടിബി വിജയനാണ് കേസ് അന്വേഷിച്ചത്. പരാതിക്കാരിക്ക് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ശ്രീറാം ഭരതനാണ് ഹാജരായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe