കൊല്ലം > പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ഇനി സുരക്ഷിതമായി ആഴക്കടൽ മത്സ്യബന്ധനം നടത്താം. വ്യാഴാഴ്‌ച നീണ്ടകരയിൽ പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണംചെയ്‌ത അഞ്ച് ആധുനിക ബോട്ടുകൾ സുരക്ഷയ്‌ക്കൊപ്പം ആധുനിക സൗകര്യങ്ങളും ഉറപ്പാക്കുന്നു. മത്സ്യസംഭരണ ശേഷി, ശീതീകരണ സൗകര്യങ്ങൾ, എഞ്ചിൻ ശേഷി തുടങ്ങിയ കൂടുതൽ അധുനിക സൗകര്യങ്ങളാണ് ഈ യാനങ്ങളുടെ പ്രത്യേകത. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്‌ത പദ്ധതിയിൽ ഒരു ബോട്ടിന് ചെലവായത് 1.57 കോടി രൂപ. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഘട്ടംഘട്ടമായി യന്ത്രവൽകൃത മത്സ്യബന്ധനരീതിയിലേയ്ക്ക് കൊണ്ടുവരികയാണ് പദ്ധതി ലക്ഷ്യം.
മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങളായ 10 പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന അഞ്ച് ഗ്രൂപ്പുകൾക്കാണ് ആദ്യഘട്ടത്തിൽ ആഴക്കടൽ യാനങ്ങൾ നൽകിയത്. പീറ്റർ ആന്റണി ഗ്രൂപ്പ് ലീഡറായ നീണ്ടകര ഫിഷർമെൻ ഡെവലപ്പുമെന്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉൾപ്പെടുന്ന സെന്റ് സെബാസ്റ്റ്യൻ എന്ന യാനവും ഇഗ്നേഷ്യസ് ഗ്രൂപ്പ് ലീഡറായ ജോനകപ്പുറം മുതാക്കര മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം ഉൾപ്പെടുന്ന സെന്റ് ആന്റണി എന്ന യാനവുമാണ് കൊല്ലം ജില്ലയിൽ നിന്ന് തെരഞ്ഞെടുത്തത്.
തിരുവനന്തപുരം ജില്ലയിൽ നിന്ന് ചിറയിൻകീഴ് മുതലപ്പൊഴി സംഘത്തിലെ ഒരു ഗ്രൂപ്പിനെയും (താഴംപള്ളി ഗ്രൂപ്പ്), മലപ്പുറം ജില്ലയിൽ നിന്ന്ഗ്രൂ രണ്ട് ഗ്രൂപ്പുകളെയും (താനൂർ ടൗൺ തീരദേശ സംഘത്തിലെ ഒരു ഗ്രൂപ്പ്, തേവർ കടപ്പുറം – ചീരാൻ കടപ്പുറം സംഘത്തിലെ ഒരു ഗ്രൂപ്പ്) ആണ് തെരഞ്ഞെടുത്തത്. കൊച്ചിൻ ഷിപ്പ് യാർഡ് ആണ് യാനം രൂപകൽപന ചെയ്‌തത്. ഒരു ബോട്ടിന് ആദ്യംനിശ്‌ചയിച്ച ചെലവ് 120 ലക്ഷം രൂപയാണ്. അതിൽ 24 ശതമാനം കേന്ദ്ര വിഹിതവും 16 ശതമാനം സംസ്ഥാന വിഹിതവും 60 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്.
എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഗുണഭോക്തൃവിഹിതം അടയ്‌ക്കാൻ കഴിയാത്ത സാഹചര്യം പരിഗണിച്ച് സബ്‌സിഡി കൂടാതെ ഓരോ യൂണിറ്റിനും സംസ്ഥാന സർക്കാർ 30.06 ലക്ഷം (ഗുണഭോക്തൃവിഹിതത്തിന്റെ 30 ശതമാനം) രൂപയുടെ അധിക ധനസഹായം കുടി അനുവദിച്ചു. അതോടെ സംസ്ഥാന വിഹിതം കേന്ദ്ര വിഹിതത്തേക്കാൾ കൂടി. ഗുണഭോക്തൃവിഹിതത്തിന്റെ ബാക്കി 70 ശതമാനം തുക മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിയിലൂടെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴിയാണ് അനുവദിച്ചത്. അഞ്ച് ശതമാനം പലിശ നിരക്കിലാണ് വായ്‌പ.