കൊച്ചി: കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് മുന്നിൽ ഹാജരായി.സമയം നീട്ടി നൽകണമെന്ന എംഎം വർഗീസിന്റെ ആവശ്യം ഇഡി നിരസിച്ചിരുന്നു. കഴിഞ്ഞ ഏഴാം തിയതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഇഡി വർഗീസിന് നോട്ടീസ് നൽകിയത്.എന്നാൽ അസൗകര്യം അറിയിച്ച് കഴിഞ്ഞ ദിവസമാണ് വർഗീസ് ഇഡിക്ക് മെയിൽ അയച്ചത്. ഇത് അംഗീകരിക്കില്ലെന്ന് അന്വേഷണ സംഘം വർഗീസിനെ അറിയിച്ചിരുന്നു.തുടര്‍ന്നാണ് അദ്ദേഹം ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായത്.കരുവന്നൂർ കള്ളപ്പണ ഇടപാടിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് അകൗണ്ട് വിവരങ്ങൾ ചോദിച്ചിട്ടില്ല. ചോദ്യം ചെയ്യലിൽ സഹകരിക്കും.ആശങ്കയില്ല.തിരിച്ചറിയൽ രേഖകൾ അടക്കം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
55 പ്രതികളുടെ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് പ്രധാന സിപിഎം നേതാക്കളിലേക്ക് ഇഡി അന്വേഷണം നീളുന്നത്.ഇതിന്റെ ഭാഗമായാണ് എംഎം വർഗീസിന്റെ ചോദ്യം ചെയ്യൽ. സിപിഎം അന്വേഷണ കമ്മീഷൻ കണ്ടെത്തൽ,ചില വ്യക്തികൾക്ക് ചിട്ടി കിട്ടുന്നതിനായി വർഗീസ് ഇടപെട്ടതായുള്ള മൊഴികൾ എന്നിവയിലാകും ഇഡി വർഗീസിൽ നിന്ന് വിവരങ്ങൾ തേടുക.