ആശങ്കയുയർത്തി കുട്ടികളിലെ പ്രമേഹം ; സിബിഎസ്ഇ സ്കൂളുകളില്‍ ‘ഷുഗർ ബോർഡ്’ വരുന്നു; കുട്ടികളുടെ പഞ്ചസാര തീറ്റ നിയന്ത്രിക്കും

news image
May 17, 2025, 2:51 pm GMT+0000 payyolionline.in

ന്യൂഡൽഹി: കുട്ടികളുടെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നതിനും കുറക്കുന്നതിനുമായി ‘പഞ്ചസാര ബോർഡുകൾ’ സ്ഥാപിക്കാൻ സ്കൂളുകൾക്ക് നിർദേശം നൽകി സി.ബി.എസ്.സി. കഴിഞ്ഞ ദശകത്തിൽ കുട്ടികളിലെ ടൈപ്പ് 2 പ്രമേഹത്തിലെ ഗണ്യമായ വർധനവ് സി.ബി.എസ്.ഇയുടെ ശ്രദ്ധയിൽ ​പതിഞ്ഞിരുന്നു. ഇതേത്തുടർന്നാണ് പ്രതിരോധമെന്ന നിലയിൽ ഇത്തരമൊരു നീക്കം.

ഒരുകാലത്ത് മുതിർന്നവരിൽ മാത്രം കണ്ടുവന്നിരുന്ന ഒന്നാണ് ടൈപ്പ് 2 പ്രമേഹം. സ്കൂൾ ചുറ്റുവട്ടങ്ങളിൽ പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ എളുപ്പത്തിലുള്ള ലഭ്യതയാണ് കുട്ടികളുടെ ഉയർന്ന പഞ്ചസാര ഉപഭോഗത്തിന് കാരണം. ഇത് പ്രമേഹ സാധ്യത വർധിപ്പിക്കുക മാത്രമല്ല പൊണ്ണത്തടി, ദന്ത പ്രശ്നങ്ങൾ, മറ്റ് ഉപാപചയ വൈകല്യങ്ങൾ എന്നിവക്കും കാരണമാകുന്നു. ആത്യന്തികമായി കുട്ടികളുടെ ദീർഘകാല ആരോഗ്യത്തെയും അക്കാദമിക് പ്രകടനത്തെയും ബാധിക്കുന്നുവെന്നും സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽമാർക്ക് അയച്ച കത്തിൽ പറയുന്നു.

നാലു മുതൽ പത്തു വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ ദിവസേനയുള്ള കലോറി ഉപഭോഗത്തിൽ 13ശതമാനവും 11മുതൽ 18വയസ്സ് വരെ പ്രായമുള്ളവരിലെ കലോറിയുടെ 15 ശതമാനവും പഞ്ചസാരയാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് ശിപാർശ ചെയ്യുന്ന 5 ശതമാനത്തേക്കാൾ ഏറെ കൂടുതലാണ്.
അമിതമായ പഞ്ചസാര കഴിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് വിദ്യാർഥികളെ ബോധവൽക്കരിക്കുന്നതിനായി വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ‘പഞ്ചസാര ബോർഡുകൾ’ സ്ഥാപിക്കാൻ സ്കൂളുകളോട് ആവശ്യപ്പെടുന്നു. ശിപാർശ ചെയ്യുന്ന ദൈനംദിന പഞ്ചസാര ഉപഭോഗം, സാധാരണയായി ഉപയോഗിക്കുന്ന ഭക്ഷണങ്ങളിലെ പഞ്ചസാരയുടെ അളവ് (ജങ്ക് ഫുഡ്, ശീതളപാനീയങ്ങൾ പോലുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങൾ), ഉയർന്ന പഞ്ചസാര ഉപഭോഗവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യതകൾ, ആരോഗ്യകരമായ ഭക്ഷണക്രമങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അവശ്യ വിവരങ്ങൾ ഈ ബോർഡുകൾ നൽകണം. ഇത് വിദ്യാർത്ഥികളെ നല്ല ഭക്ഷണത്തിന്റെ തെരഞ്ഞെടുപ്പുകളെക്കുറിച്ച് ബോധവൽക്കരിക്കുകയും അവർക്കിടയിൽ ദീർഘകാല ആരോഗ്യ സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും അതിൽ പറയുന്നു. ഈ വിഷയത്തിൽ ബോധവൽക്കരണ സെമിനാറുകളും വർഷ് ഷോപ്പുകളും സംഘടിപ്പിക്കാനും സി.ബി.എസ്.സി സ്കൂളുകളോട് ആവശ്യപ്പെടുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe