ആശയ വ്യക്തതയോടെയുള്ള പോരാട്ടം കാലത്തിന്റെ ആവശ്യം: എളമരം കരീം

news image
Jan 12, 2024, 2:47 pm GMT+0000 payyolionline.in

പത്തനംതിട്ട : കൂടുതല്‍ ആശയവ്യക്തതയോടെ  കുത്തകവൽക്കരണത്തിനും  സാമ്രാജ്യത്വത്തിനും  എതിരായ പോരാട്ടത്തിന് തയ്യാറാകേണ്ട കാലമാണിതെന്ന് സിഐടിയു സംസ്ഥാന ജനറല്‍  സെക്രട്ടറി എളമരം കരീം പറഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് രചിച്ച ‘സ്വകാര്യവൽക്കരണവും ശിങ്കിടി മുതലാളിത്തവും’ എന്ന പുസ്തകം പ്രകാശിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സാമ്രാജ്യത്വത്തിന്റെയും കുത്തകവല്‍ക്കരണത്തിന്റെയും ഫാസിസത്തിന്റെയും സ്വാധീനം സമൂഹത്തിന്റെ എല്ലാ മേഖലയിലേക്കും കടന്നുകഴിഞ്ഞു. വിവിധ കലാരൂപങ്ങളിലൂടെ,  ചിത്രങ്ങളിലൂടെ, സിനിമകളിലൂടെ  എന്നുവേണ്ട സർവ ഉപാധിയും  ഇതിന് അവര്‍ ഉപയോഗിക്കുന്നു. വിപണിക്കനുസരിച്ച് ആശയം സൃഷ്ടിക്കുകയാണ് ഇക്കൂട്ടര്‍  ചെയ്യുന്നത്.  സ്വകാര്യവൽക്കരണവും കുത്തവൽക്കരണവും  പ്രോത്സാഹിപ്പിക്കുകയാണ്‌  ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍.  വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.  ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭത്തിലൂടെ മാത്രമേ  ഇതിനെ നമുക്ക്  നേരിടാനാകു. അതിന് ആശയപരമായി ഓരോരുത്തരും വ്യക്തത വരുത്തേണ്ടത് ആവശ്യമാണ്.

വെറും സമരം മാത്രമല്ല, ആശയവ്യക്തതയോടെ രാഷ്ട്രീയവല്‍ക്കരണത്തിന് ഓരോ തൊഴിലാളിയും തയ്യാറാകണമെന്ന് ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. അബാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോ​ഗത്തില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് അധ്യക്ഷനായി. എന്‍ജിഒ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ അജിത്കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിഐടിയു ജില്ലാ സെക്രട്ടറി പി ബി ഹര്‍ഷകുമാര്‍,  ഏരിയ സെക്രട്ടറി കെ അനില്‍കുമാര്‍ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe