തിരുവനന്തപുരം∙ വൈദ്യ പരിശോധനയ്ക്കായി വിലങ്ങില്ലാതെ ആശുപത്രിയിൽ എത്തിച്ച പ്രതിയുടെ കൈയിൽ വിലങ്ങിട്ടു വരാൻ രേഖാമൂലം നിർദ്ദേശിച്ച് വനിതാ ഡോക്ടർ. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് നിർദ്ദേശം നൽകിയത്. വനിതാ ഡോക്ടറുടെ പ്രതികരണം ലഭിച്ചില്ല.
കൈവിലങ്ങിട്ട് പ്രതിയെ പരിശോധനയ്ക്കായി കൊണ്ടുവരണമെന്നാണ് ഡോക്ടർ കുറിപ്പിൽ രേഖപ്പെടുത്തിയത്. പ്രതിഷേധ സൂചകമായാണ് ഡോക്ടർ ഇത്തരത്തിൽ രേഖപ്പെടുത്തിയതെന്ന് ജനറൽ ആശുപത്രി ജീവനക്കാർ അനൗദ്യോഗികമായി പറഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രതിഷേധം രൂക്ഷമാണ്. കൈവിലങ്ങില്ലാത്ത പ്രതികളെ പരിശോധിക്കരുതെന്ന് ഗ്രൂപ്പുകളിൽ ആവശ്യം ഉയർന്നിരുന്നു. ശക്തമായ പ്രതിഷേധം ഉണ്ടായില്ലെങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും ഗ്രൂപ്പുകളിൽ വിമർശനം ഉണ്ടായി.
കോട്ടയം കുറുപ്പന്തറ സ്വദേശിയാണ് ഇന്നലെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസ്. ഹൗസ് സർജനായി ജോലി നോക്കുന്നതിനിടയിലാണ് നെടുമ്പന യുപി സ്കൂൾ അധ്യാപകനും ലഹരിക്കടിമയുമായ സന്ദീപ് വന്ദനയെ ആക്രമിച്ചത്. വന്ദനയുടെ ശരീരത്തിൽ പതിനൊന്നിടത്ത് കുത്തേറ്റു. പരുക്കേറ്റതിനെ തുടർന്ന് പൊലീസാണ് സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയ്ക്കിടെ അക്രമാസക്തനായ സന്ദീപ് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ശേഷം വന്ദനയെ കുത്തുകയായിരുന്നു.