ആസിഡ് അടങ്ങിയ വെള്ളം പുറത്തേക്ക് ഒഴുകി, മീനുകൾ ചത്തു, 18 ഏക്കർ കൃഷി നശിച്ചു; തൃശൂര്‍ ലാറ്റക്സ് കമ്പനിക്കെതിരെ പരാതി

news image
Aug 5, 2024, 10:36 am GMT+0000 payyolionline.in
തൃശൂര്‍: ലാറ്റക്സ് കമ്പനിയിൽ നിന്നും ആസിഡ് അടങ്ങിയ മലിന ജലമൊഴുകി ഏക്കറുകണക്കിന് കൃഷി നശിച്ചതായി നാട്ടുകാരുടെ പരാതി. തൃശൂര്‍ തിരുവില്വാമയിലെ ദേവി ലാറ്റക്സ് കമ്പനിക്കെതിരെയാണ് പരാതി. ആസിഡ് അടങ്ങിയ വെള്ളം കുഴികളിലാണ് ശേഖരിച്ചിരുന്നത്. മഴ കനത്തതോടെ ഇത് കരകവിഞ്ഞ് കൃഷി സ്ഥലത്തേക്ക് ഒഴുകയായിരുന്നുവെന്നാണ് പരാതി. ഇതേ തുടര്‍ന്ന് പാടശേഖരത്തിന് സമീപത്തെ വെള്ളച്ചാലുകളില്‍ മീനുകള്‍ ഉള്‍പ്പെടെ ചത്തുപൊങ്ങി.

18 ഏക്കറോളം കൃഷി നശിച്ചെന്നാണ് നാട്ടുകാരുടെ പരാതി. നാട്ടുകാരുടെ പരാതിയിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ലാറ്റക്സ് കമ്പനിയിലെ മലിനജലം ശാസ്ത്രീയമായി സംസ്കരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.പരാതിയെ തുടര്‍ന്ന് വെള്ളത്തിന്‍റെ സാമ്പിൾ ശേഖരിച്ചെന്നും മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ  റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, ലാറ്റക്സ് കമ്പനി മാലിന്യം തള്ളിയിട്ടില്ലെന്ന് ദേവിക ലാറ്റക്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ സജീവൻ പറഞ്ഞു. മഴ വെള്ളം കെട്ടിനിന്നാണ് കൃഷിനശിച്ചതെന്നും ലാറ്റക്സ് കമ്പനി ഡയറക്ടര്‍ വിശദീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe