കണ്ണൂർ മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആർ.രാജേഷിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതിൽ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. അനാദരവാണ് മൃതദേഹത്തോട് കാണിച്ചത്. പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് കാര്യങ്ങൾ സംസാരിക്കും. ഇത്തരത്തിൽ മൃതദേഹം കൊണ്ടുപോകുമ്പോൾ ജില്ലാഭരണകൂടമാണ് ആശുപത്രികൾക്ക് നിർദേശം കൊടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ദൂരെ സ്ഥലത്തേക്കാണ് കൊണ്ടുപോകേണ്ടതെങ്കിൽ എംബാം ചെയ്ത് കൊടുക്കണമെന്നാണ്. അതുപോലെ ഫ്രീസറുള്ള ആംബുലൻസിൽ കൊണ്ടുപോകണമെന്നുമാണ് നിയമം. മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നത് യാഥാർഥ്യമാണ്. പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ടുമായി വിളിച്ച് സംസാരിക്കും. ആശുപത്രിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കും. സാധാരണ ജില്ലാ കളക്ടറാണ് ഇതിന്റെ അറേഞ്ച്മെന്റ്സ് നടത്തേണ്ടത്. ജില്ലാ ഭരണകൂടമാണ് ആശുപത്രികൾക്ക് നിർദേശം കൊടുക്കേണ്ടത്. അത്തരത്തിൽ നിർദേശം ലഭിച്ചോ എന്നറിയില്ല. സൂപ്രണ്ടിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കും. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കും – അദ്ദേഹം പറഞ്ഞു.
രാജേഷിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതിൽ പയ്യന്നൂർ തഹസിൽദാർക്കെതിരെ കുടുംബം ഇന്ന് രംഗത്തെത്തിയിരുന്നു. മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കാൻ ഫ്രീസർ സംവിധാനമുള്ള ആംബുലൻസ് വേണമെന്ന ആവശ്യം തഹസിൽദാർ അവഗണിച്ചെന്നാണ് ആരോപണം.
പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നു. അതിനുശേഷം കളക്ടറുടെ ഉത്തരവനുസരിച്ച് തഹസിൽദാരാണ് കാര്യങ്ങളൊക്കെ കൈകാര്യം ചെയ്തത്. അനുവദിച്ച ആംബുലൻസിൽ ഫ്രീസർ ഇല്ലായിരുന്നു. ഇക്കാര്യം ഞങ്ങളുടെ പഞ്ചായത്ത് മെമ്പർ സൂചിപ്പിച്ചിരുന്നു. അതിനെ കുറിച്ചൊന്നും പേടിക്കണ്ട. കൊണ്ടുപൊയ്ക്കൊള്ളു. ബാക്കി കാര്യങ്ങൾ താൻ ഏറ്റു എന്നാണ് പറഞ്ഞത്. ഫ്രീസർ വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ ആ കാര്യങ്ങൾ ഏറ്റെടുക്കുന്നുവെന്നാണ് പറഞ്ഞത്. വിവാദം ഒഴിവാക്കാനാണ് ആ സമയത്ത് ഒന്നും പറയാതിരുന്നത് – കുടുംബം വ്യക്തമാക്കി.
