ആ തുടിപ്പ് മനുഷ്യനിൽ നിന്നെങ്കിൽ…; ജീവനായി രാത്രിയും രക്ഷാദൗത്യം തുടരും

news image
Aug 2, 2024, 3:14 pm GMT+0000 payyolionline.in

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്ത് നാലാം ദിനം രക്ഷാപ്രവർത്തനം തുടരുന്നതിനിടെ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് രാത്രിയും ദൗത്യം തുടരാൻ നിര്‍ദേശം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ്. തെരച്ചിൽ നിർത്തി സംഘം മടങ്ങാൻ ഒരുങ്ങുകയായിരുന്നു. ചിലയാളുകൾ മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ വീണ്ടും ആരംഭിക്കുകയായിരുന്നു. ഫ്ലഡ് ലൈറ്റ് അടക്കം ക്രമീകരിച്ച് രാത്രിയും തെരച്ചില്‍ തുടരും.

ആദ്യം കിട്ടിയ സിഗ്നല്‍ മനുഷ്യ ശരീരത്തില്‍ നിന്നാകാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ പറഞ്ഞെങ്കിലും പരിശോധന തുടരാനാണ് തീരുമാനം. പാമ്പില്‍ നിന്നോ തവളയില്‍ നിന്നോ ആകാം സിഗ്നല്‍ എന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍, ശക്തിയേറിയ സിഗ്നല്‍ ലഭിച്ചത് കൊണ്ട് റഡാര്‍ പരിശോധന സംഘത്തിലെ മലയാളി ഉയര്‍ത്തിയ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് സംശയങ്ങൾ ബാക്കിയാക്കി തെരച്ചില്‍ നിര്‍ത്തേണ്ടെന്ന് തീരുമാനിച്ചത്.

മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്ന് തുടര്‍ച്ചയായി ശ്വാസത്തിന്‍റെ സിഗ്നല്‍ ലഭിച്ചത്. മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവനുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ മരണസംഖ്യ 340 ആയി. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. കണ്ടെടുത്ത ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഇനിയും 206 പേരെയാണ് കണ്ടെത്താനുള്ളത്. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe