തിരുവനന്തപുരം: മൂന്നുവർഷം കൊണ്ട് കായ്ക്കുമെന്ന് പറഞ്ഞ് കുഴിച്ചിട്ട തെങ്ങിൽ തേങ്ങക്ക് പകരം തെങ്ങിൻ തൈകൾ മുളച്ചത് വലിയ കൌതുക വാർത്തയായിരുന്നു. വെണ്ണിയൂർ നെല്ലിവിള ആർ.പി.സദനത്തിൽകെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ കെ.ആർ.രാജേഷ് കുമാറിന്‍റെ വീട്ടുമുറ്റത്തെ തെങ്ങിലാണ് അപൂർവ്വ കാഴ്ച ഉണ്ടായത്. ഒടുവിൽ ഇതിന് കാരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ജനിതക വ്യതിയാനമാണ് തേങ്ങയ്ക്ക് പകരം തെങ്ങിൻ തൈ തന്നെ മുളക്കാൻ കാരണമെന്നാണ് ഗവേഷകർ പറയുന്നത്.കഴിഞ്ഞ ദിവസമാണ് വീട്ടുകാർക്കും നാട്ടുകാർക്കും കൌതുകമായ തെങ്ങിനെക്കുറിച്ച് വാർത്ത പുറത്തുവരുന്നത്. പിന്നാലെ തെങ്ങിൽ തേങ്ങക്ക് പകരം തെങ്ങിൻ തൈ വളർന്ന് കായ്ച്ചത് അന്വേഷിച്ച് കൃഷിവകുപ്പ് രംഗത്തെത്തി. സംഭവ സ്ഥലത്തെത്തിയ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ദൃശ്യങ്ങളും സാംപിളും എടുത്ത് കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരെ സമീപിച്ചപ്പോൾ ജനിതക വ്യതിയാനം സംഭവിച്ചതാണെന്നും മുമ്പും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. ഇനി ഇതേ തെങ്ങിൽ തേങ്ങ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും വെങ്ങാനൂർ കൃഷി ഓഫീസർ സ്ഥിരീകരിച്ചു.
‘സാറേ, നല്ല തേങ്ങ ഉണ്ടാകും, മൂന്ന് വർഷം മതി’. വെണ്ണിയൂർ നെല്ലിവിള ആർ.പി.സദനത്തിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ കെ.ആർ.രാജേഷ് കുമാർ ഒരു തെങ്ങിൻ തൈ വാങ്ങുമ്പോൾ വിൽപ്പനക്കാരൻ പറഞ്ഞ വാക്കുകളിങ്ങനെയാണ്. മൂന്ന് വർഷത്തിനുള്ളിൽ തെങ്ങ് വളർന്നു, കായ്ച്ചു. പക്ഷേ തേങ്ങയ്ക്ക് പകരം കായ്ച്ച് തെങ്ങിൻ തൈ തന്നെ. ആദ്യഫലം കായ്ക്കുന്നതും പ്രതീക്ഷിച്ചിരുന്ന കുടുംബത്തെ അത്ഭുതപ്പെടുത്തി കൂമ്പിനുള്ളിൽ നിന്നും ഓലകൾ പുറത്തേക്കു വന്നു. വീണ്ടും ആറുമാസം കാത്തിരുന്നു. വീണ്ടും ഒൻപത് കൂമ്പുകൾ വന്നതിലും ഓലയായിരുന്നു.
ഇതെന്ത് മറിമായമെന്ന് ചോദിക്കുകയാണ് വീട്ടുകാരും സമീപവാസികളും. ഇതിന്‍റെ യാഥാർഥ്യം തിരിച്ചറിയാൻ കൃഷിഭവൻ ഉദ്യോഗസ്ഥരെ സമീപിച്ചതോടെയാണ് വെങ്ങാനൂർ കൃഷി ഓഫീസർ തോട്ടവിള ഗവേഷണ കേന്ദ്രത്തെ സമീപിച്ചത്. ജനിതക വ്യതിയാനം വന്ന തെങ്ങാണിതെന്ന് സ്ഥിരീകരിച്ചതോടെ വീട്ടുകാർ നിരാശയിലാണ്.