ആ നിയമം വരുന്നു; കൈവശം ‘കൺഫേം’ ടിക്കറ്റ് ഉള്ളവർക്ക് മാത്രം റെയിൽവേ സ്റ്റേഷനുകളിൽ പ്രവേശനം

news image
Apr 1, 2025, 1:02 pm GMT+0000 payyolionline.in

റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രവേശന നിയമങ്ങൾ പൊളിച്ചെഴുതാൻ തയാറെടുക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇനി റെയിൽവേ സ്റ്റേഷനുകളിലേക്ക് പ്രവേശിക്കണമെങ്കിൽ കൺഫേം ടിക്കറ്റ് കൈയിൽ ഉണ്ടായിരിക്കണം. ഇന്ത്യൻ റെയിൽവേയാണ് ഈ പുതിയ മാറ്റവുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യത്തെ 60 പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലാണ് ആദ്യം ഈ നയം നടപ്പാക്കുക. റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിലെ അമിതമായ ജനത്തിരക്ക് കുറച്ച് യാത്രക്കാർക്ക് കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് ഈ നിയമം നടപ്പിലാക്കുന്നത്. മഹാനഗരങ്ങളിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ എത്രയും പെട്ടെന്നു തന്നെ ഈ പുതിയ നിയന്ത്രണം നിലവിൽ വരും.

തുടക്കത്തിൽ രാജ്യത്തെ തിരക്കുള്ള 60 റെയിൽവേ സ്റ്റേഷനുകളിൽ ആയിരിക്കും ഇത് പ്രാബല്യത്തിൽ വരിക. ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ, മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, കൊൽക്കത്തയിലെ ഹൗറ സ്റ്റേഷൻ, ചെന്നൈയിലെ ചെന്നൈ സെൻട്രൽ സ്റ്റേഷൻ, ബംഗളൂരുവിലെ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ എന്നീ സ്റ്റേഷനുകളാണ് അവയിൽ ചിലത്.

വെയ്റ്റിങ് ലിസ്റ്റി ഉള്ളവരോ?

വെയിറ്റിങ് ലിസ്റ്റിൽ ഉൾപ്പെടുന്നവരും ടിക്കറ്റ് ഇല്ലാത്തവരും റെയിൽ വേസ്റ്റേഷനു പുറത്തുള്ള കാത്തിരിപ്പ് സ്ഥലത്ത് നിൽക്കണം എന്നാണ് പുതിയ അറിയിപ്പിൽ സൂചിപ്പിക്കുന്നത്. പുതിയ തീരുമാനം നടപ്പിലാക്കുന്ന സ്റ്റേഷനുകളിൽ സീനിയർ ഓഫീസറെ സ്റ്റേഷൻ ഡയറക്ടറായി നിയമിക്കും. സ്റ്റേഷന്റെ സ്ഥല പരിമിധി/ ടിക്കറ്റ് ലഭ്യത എന്നിവ അനുസരിച്ച് എത്ര പേർക്കു സ്റ്റേഷനിൽ പ്രവേശിക്കാം എന്ന കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അധികാരം സ്റ്റേഷൻ ഡയറക്ർക്കായിരിക്കും.ഭാവിയിൽ തിരക്ക് നിയന്ത്രണവിധേയമാക്കേണ്ട റെയിൽവേ സ്റ്റേഷനുകൾ ഏതൊക്കെയാണെന്ന് പരിശോധിച്ച് ആയിരിക്കും പട്ടികയിലേക്ക് കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ ചേർക്കുക. പുതിയ നയം താൽക്കാലികമായി ചില അസൗകര്യങ്ങൾ സൃഷ്ടിച്ചേക്കും. പ്രധാനമായും റെയിൽവേ സ്റ്റേഷനുകളിലേക്കു ടിക്കറ്റ് ഇല്ലാതെ പോകുന്നവരെയാണ് ഇത് പ്രധാനമായും ബാധിക്കുക. അതേസമയം, ദീർഘകാലാടിസ്ഥാനത്തിൽ ഈ മാറ്റങ്ങൾ ട്രെയിൻ യാത്ര കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ നയത്തിന് കരുതുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉത്​സവകാലങ്ങളിലും അവധിക്കാലങ്ങളിലും രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ അമിതമായ തിരക്ക് അനുഭവപ്പെടാറുണ്ട്. ബന്ധുക്കളെ കൊണ്ടു പോകാനും കൊണ്ടു വിടാനുമായി റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നവരും തിരക്ക് ഉണ്ടാക്കുന്നവരിൽ പ്രധാനഘടകമാണ്. അനാവശ്യമായ ആൾത്തിരക്ക് ഒഴിവാക്കുക എന്നത് തന്നെയാണ് പുതിയ നയം കൊണ്ട് ഉദ്ദേശിക്കുന്നത്. കൺഫേം ടിക്കറ്റ് കൈവശമുള്ളവർക്ക് മാത്രം റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശനം അനുവദിക്കുന്നതിലൂടെ അനാവശ്യമായ തിരക്ക് ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരുമായി റെയിൽവേ  മന്ത്രി അശ്വിനി വൈഷ്ണവ് നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്. രാജ്യത്തെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രണവിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം നടപ്പാക്കാൻ ഒരുങ്ങുന്നത്. ഇത് പ്രാബല്യത്തിൽ വന്നു തുടങ്ങിയാൽ യാത്രക്കാർ അവരുടെ യാത്രകൾ നേരത്തെ തന്നെ തീരുമാനിച്ച് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതായി വരും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe