ന്യൂഡൽഹി: സി.ബി.എസ്.ഇ 10ാം ക്ലാസ് ബോർഡ് പരീക്ഷകളിൽ ഹിന്ദിയും ഇംഗ്ലീഷും നിർബന്ധമാക്കിയുള്ള കരട് രേഖ പുറത്ത്. 10ാം ക്ലാസുകാർക്ക് വർഷത്തിൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്തുമെന്നും വിദ്യാർഥികൾക്ക് പ്രാദേശിക, വിദേശ ഭാഷകൾ നിർബന്ധമാക്കുമെന്നും കരട് രേഖയിലുണ്ടായിരുന്നു.എന്നാൽ ഈ ഭാഷകളുടെ കൂട്ടത്തിൽ നിന്ന് മലയാളത്തെ ഒഴിവാക്കിയിരിക്കുകയാണ്. പ്രാദേശിക, വിദേശ ഭാഷകളുടെ കൂട്ടത്തിൽ മലയാളത്തിന് പുറമെ കന്നഡ, അറബിക്, അസമീസ്, പഞ്ചാബി ഭാഷകളാണ് ഒഴിവാക്കിയത്. ഇംഗ്ലീഷാണ് ഒന്നാംഭാഷ. ഹിന്ദി രണ്ടാം ഭാഷയും.
ഹിന്ദി അടിച്ചേൽപിക്കാനുള്ള കേന്ദ്രസർക്കാറിന്റെ നീക്കത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമായതോടെയാണ് തമിഴ് ഉൾപ്പെടുത്തിയത്.
മലയാളമുൾപ്പെടെയുള്ള ഭാഷകൾ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കരടു രേഖയിലെ ഭാഷാ പട്ടിക പൂർണമല്ലെന്ന് പറഞ്ഞ് തടിയൂരിയിരിക്കുകയാണ് സി.ബി.എസ്.ഇ. സിലബസിലെ എല്ലാ ഭാഷകളും 2025-25 അധ്യയന വർഷത്തിൽ തുടരുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.
പ്രാദേശിക, വിദേശ ഭാഷകളുടെ കൂട്ടത്തിൽ സംസ്കൃതത്തിന്റെ രണ്ട് വിഭാഗങ്ങളും ഉൾപ്പെടുത്തി. പഞ്ചാബി ഭാഷ ഒഴിവാക്കിയതിൽ പഞ്ചാബിലെ എ.എ.പി സർക്കാർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കൂടാതെ പഞ്ചാബിലെ സി.ബി.എസ്.ഇ ഉൾപ്പെടെയുള്ള എല്ലാ ബോർഡുകൾക്ക് കീഴിലുള്ള സ്കൂളുകൾ പഞ്ചാബി ഭാഷ നിർബന്ധമാക്കുകയും ചെയ്തു. പഞ്ചാബി പ്രധാന വിഷയമായി പഠിച്ചാൽ മാത്രമേ 10ാം ക്ലാസ് വിജയിച്ചതായി കണക്കാക്കുകയുള്ളൂ എന്നും സർക്കാർ വിജ്ഞാപനമിറക്കി.