ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; സൗദി അറേബ്യയില്‍ കാലാവസ്ഥ മുന്നറിയിപ്പ്

news image
Sep 11, 2024, 12:21 pm GMT+0000 payyolionline.in

റിയാദ്: സൗദി അറേബ്യയില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. രാജ്യത്ത് ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

10 പ്രവിശ്യകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. ജിസാന്‍, അസീര്‍, അല്‍ബാഹ എന്നിവിടങ്ങളില്‍ പൊടിക്കാറ്റും ശക്തമായ മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. മക്ക പ്രവിശ്യയിലെ തെക്കന്‍ ഭാഗങ്ങളില്‍ പൊടിക്കാറ്റും മഴയും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നു.

മദീന, ഹാഇൽ, അൽ ഖസീം, റിയാദ്​ പ്രവിശ്യയുടെ വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക്​ സാധ്യതയുണ്ട്. മക്ക, ത്വാഇഫ്, മെയ്‌സാൻ, അദം, അൽ അർദിയാത്ത്, അൽ കാമിൽ, അൽ ജമൂം, അൽ ലെയ്ത്ത്, ഖുൻഫുദ തുടങ്ങിയ പ്രദേശങ്ങളിലും പരക്കെ മഴ പ്രതീക്ഷിക്കുന്നുണ്ട്​. ഖുർമ, തരാബ, റാനിയ, അൽ മുവൈഹ്, അഫീഫ്, അൽ ദവാദ്മി, അൽ ഖുവയ്യ, അഫ്‌ലാജ്, സുലയിൽ, വാദി അൽ ദവാസിർ എന്നിവിടങ്ങളില്‍ പൊടിക്കാറ്റും നേരിയതോ ശക്തമായതോ ആയ മഴയും പ്രവചിച്ചിട്ടുണ്ട്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe