ഇടുക്കി: നിരവധി മോഷണ കേസുകളില്‍ പ്രതിയായ നേര്യമംഗലം സ്വദേശിയെ കാപ്പാ ചുമത്തി അറസ്റ്റ് ചെയ്തു. ടാര്സന് മനീഷ് എന്നറിയപ്പെടുന്ന മനീഷാണ് അറസ്റ്റിലായത്. അടിമാലി പൊലീസാണ് മനീഷിനെ അറസ്റ്റ് ചെയ്തത്.
അടിമാലിയില്‍ വാടകക്ക് താമസിച്ച് വരികയായിരുന്നു മനീഷ്. വിവിധ സ്റ്റേഷനുകളില്‍ മനീഷിനെതിരെ നിരവധി മോഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ മോഷണ രീതി മൂലം ടാര്സന് മനീഷെന്നാണ് അറിയപ്പെടുന്നതെന്ന് അടിമാലി പൊലീസ് പറഞ്ഞു. അടിവസ്ത്രം മാത്രം ധരിച്ചാണ് ഇയാള്‍ മോഷണത്തിന് എത്തുക. വീടുകളുടെ ജനല്‍ കുത്തിത്തുറന്ന്, ഉറങ്ങിക്കിടക്കുന്നവരുടെ ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യുക എന്നതായിരുന്നു പതിവ്. അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍ മനീഷിന്റെ ദൃശ്യം പലതവണ സി സി ടി വികളില്‍ പതിയുകയുണ്ടായി.
വാഴക്കുളത്ത് രണ്ടും മൂവാറ്റുപുഴ, തൊടുപുഴ, അങ്കമാലി, ചാലക്കുടി, ഇടത്തല സ്റ്റേഷനുകളിലായി പത്തോളം മോഷണ കേസുകളും മനീഷിന്റെ പേരിലുണ്ടെന്ന് പൊലീസ് അറിയിച്ചു.