ഇടുക്കി ഇരട്ടയാറിർ ടിസി ചോദിക്കാത്ത വിദ്യാർത്ഥികളെ മാനേജ്മെന്‍റ് സ്കൂളിലേക്ക് മാറ്റിയ സംഭവം; കുറ്റക്കാർക്കെതിരെ ഇനിയും നടപടിയില്ല

news image
Jul 5, 2024, 6:37 am GMT+0000 payyolionline.in
ഇരട്ടയാർ: ഇടുക്കി ഇരട്ടയാറിർ ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ കുട്ടികളെ മാനേജ്മെൻറ് സ്ക്കൂളിലേക്ക് മാറ്റിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഒരു മാസം കഴിഞ്ഞിട്ടും വിദ്യാഭ്യാസ വകുപ്പ് നടപടി ഒന്നും എടുത്തില്ല. കട്ടപ്പന വിദ്യാഭ്യാസ ജില്ല ഓഫീസിലുള്ള രണ്ട് ഉദ്യോഗസ്ഥരാണ് സംഭവത്തിനു പിന്നിലെന്ന് ഡിഇഒ റിപ്പോർട്ട് നൽകിയിരുന്നു.

1800 ലധികം കുട്ടികൾ പഠിക്കുന്ന സംസ്ഥാനത്തെ ഏക സർക്കാർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളാണ് ഇടുക്കി ഇരട്ടയാറിലെ ഗാന്ധിജി സ്ക്കൂൾ. ജൂൺ പത്തിനാണ് ഇത്തവണ ആറാം അധ്യയന ദിവസത്തെ കണക്കെടുപ്പ് നടത്തിയത്. ഏഴാം തീയതി വരെ സ്ക്കൂളിലുണ്ടായിരുന്ന അഞ്ചു കുട്ടികളെ ശനി, ഞായർ എന്നീ അവധി ദിവസങ്ങളിൽ മറ്റൊരു മാനേജ്മെൻറ് സ്ക്കൂളിലേക്ക് മാറ്റുകയായിരുന്നു. ഈ കുട്ടികളിലാരും തന്നെ ടിസിക്കായി അപേക്ഷ നൽകിയിരുന്നില്ല. പത്താം തീയതിയും സംഭവം ആവർത്തിച്ചു. ഇതോടെ സ്ക്കൂൾ അധികൃതർ കട്ടപ്പന ഡിഇഒ യ്ക്ക് പരാതി നൽകി.

ഡിഇഒ അവധിയിലായിരുന്ന ദിവസം അദ്ദേഹത്തിൻറെ ലോഗിൻ ഉപയോഗിച്ച് അനധികൃതമായാണ് കുട്ടികളെ മാറ്റിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കട്ടപ്പന വിദ്യാഭ്യാസ ജില്ല ഓഫീസിലെ ജൂനിയർ സൂപ്രണ്ടും സെക്ഷൻ ക്ലർക്കുമാണ് ഇതിനു പിന്നിലെന്നും നടപടിയെടുക്കണമെന്നും കാണിച്ച് ഡെപ്യൂട്ടി ഡർറക്ടർക്ക് ഡിഇഒ റിപ്പോർട്ടും നൽകി. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും നടപടിയൊന്നുമെടുത്തിട്ടില്ല.

സ്കൂൾ അധികൃതരുടെ പരാതിയിൽ നടപടിയുണ്ടാകുമെന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഉറപ്പും പാഴ് വാക്കായി. ഇതോടൊപ്പം കട്ടപ്പന ഡിഇഒ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതികളിൽ അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe