കോതമംഗലം: ഇടുക്കി നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ മൃതദേഹം ബലമായി പൊലീസ് പിടിച്ചെടുത്തു. മൃതദേഹവുമായി കോതമംഗലം ടൗണിൽ ബന്ധുക്കൾ പ്രതിഷേധം നടത്തിയിരുന്നു. മൃതദേഹം വിട്ടുതരില്ലെന്ന് പറഞ്ഞ് ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മൃതദേഹത്തിന് മേൽ കിടന്ന് പ്രതിഷേധിച്ചു. അതോടെ അവരെ ബലമായി തട്ടിമാറ്റി പൊലീസ് മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റുകയായിരുന്നു. മൃതദേഹം കയറ്റിയ ശേഷം ഡോർ പോലും അടയ്ക്കാതെയാണ് ആംബുലൻസ് മുന്നോട്ട് നീങ്ങിയത്.
മൃതദേഹത്തിൽ കിടന്ന് പ്രതിഷേധിച്ച തന്നെ വലിച്ചിഴച്ചു മാറ്റുകയായിരുന്നുവെന്ന് ഇന്ദിരയുടെ സഹോദരൻ സുരേഷ് ആരോപിച്ചു. പൊലീസ് നടപടിയിൽ സുരേഷ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. സമരപ്പന്തൽ പൊലീസ് ബലമായി പൊളിച്ചു നീക്കി.
ഇന്ദിരയുടെ മൃതദേഹവുമായി ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, എറണാകുളം ഡി.സി.സി അധ്യക്ഷൻ എം. ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധത്തിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇൻക്വസ്റ്റിന് വെച്ച മൃതദേഹവുമായി പ്രതിഷേധം പാടില്ലെന്ന് പൊലീസ് പറഞ്ഞു. ഇത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കുതർക്കത്തിന് വഴിവെച്ചു. മൃതദേഹം കൊണ്ടു പോകുന്നത് തടഞ്ഞ ഡിവൈ.എസ്.പിയെ എറണാകുളം ഡി.സി.സി അധ്യക്ഷൻ എം. ഷിയാസ് പിടിച്ചുതള്ളി. വന്യമൃഗശല്യത്തിന് പരിഹാരം കണ്ടിട്ട് മതി ഇന്ദിരയുടെ പോസ്റ്റ്മോർട്ടമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. മന്ത്രിമാർ നേരിട്ടെത്തിയ ശേഷമെ പ്രതിഷേധം അവസാനിപ്പിക്കൂവെന്ന് ഡീൻ കുര്യക്കോസ് അറിയിച്ചു.
രാവിലെ 9.30ഓടെയാണ് അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിലാണ് മുണ്ടോൻ ഇന്ദിര രാമകൃഷ്ണൻ (65) കൊല്ലപ്പെട്ടത്. കൃഷിയിടത്തിൽ ആടിനെ കെട്ടുന്നതിനിടെയാണ് ആക്രമണം. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണുപോയ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇന്ദിരയെ ആശുപത്രിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.