ഇഡി കസ്റ്റഡിയിൽ വി‌ട്ട മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സെന്തിൽ ബാലാജി സുപ്രീംകോടതിയിൽ; ഹർജി ഇന്ന് പരി​ഗണിക്കും

news image
Jul 21, 2023, 2:21 am GMT+0000 payyolionline.in

ദില്ലി: മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജോലി തട്ടിപ്പ് കേസിൽ മദ്രാസ് ഹൈക്കോടതി സെന്തിൽ ബാലാജിയെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സെന്തിൽ ബാലാജി സുപ്രീംകോടതിയെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയെ  കസ്റ്റഡിയിൽ കിട്ടാൻ  കേന്ദ്ര ഏജൻസിക്ക് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മദ്രാസ് ഹൈക്കോടതി നടപടി.

 

കേസിൽ ഇ ഡി സുപ്രീംകോടതിയിൽ തടസഹർജി ഫയൽ ചെയ്തിട്ടുണ്ട്. അതേസമയം, തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയുടെ വീട്ടിൽ നിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 13 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടിച്ചെടുത്തിട്ടുണ്ടെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. മന്ത്രിയുടെ പേരിലെ 42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

മന്ത്രിയായിരിക്കെ 2006ൽ മകനും സുഹൃത്തുക്കൾക്കും അനധികൃതമായി ക്വാറി ലൈസൻസ് നൽകി സർക്കാർ ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസ് ജയലളിതയുടെ കാലത്താണ് കെ പൊന്മുടിക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. 11 വര്‍ഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്ത ഇഡി സംഘം, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രിയുടെ ചെന്നൈയിലെയും വിഴുപ്പുറത്തെയും വീടുകളിലും പൊന്മുടിക്ക് പങ്കാളിത്തമുള്ള എഞ്ചിനിയറിംഗ് കോളേജിലും പരിശോധന നടത്തുകയായിരുന്നു.

വിദേശത്തെ കള്ളപ്പണ നിക്ഷേപത്തിൽ ഇ‍ഡി അന്വേഷണം നേരിടുന്ന മകനും ലോകസ്ഭാ എംപിയുമായ ഗൗതം ശിഖാമണിയുടെ വീടുകളിലും റെയ്ഡുണ്ടായി. സെന്തിൽ ബാലാജി കേസിന് സമാനമായി അഴിമതിരഹിത പ്രതിച്ഛായ ഇല്ലാത്ത മന്ത്രിക്കെതിരെയാണ് നീക്കമെന്ന് ഇഡിക്ക് വാദിക്കാം. എന്നാൽ പട്നയിലെ പ്രതിപക്ഷ യോഗത്തില്‍ ഏറ്റവും അധികം പ്രായോഗിക നിര്‍ദ്ദേശങ്ങൾ വച്ച സ്റ്റാലിനാണ് ഇഡിയുടെ യഥാര്‍ത്ഥ ഉന്നമെന്ന് റെയ്ഡുകളിൽ വ്യക്തമാകുന്നുവെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe