വേനല്‍ കടുത്തതോടെ പാമ്ബുകളും കാട് വിട്ട് ജനവാസമേഖലകളിലേക്ക് ഇറങ്ങിത്തുടങ്ങി. ഉഗ്രവിഷമുള്ള രാജവെമ്ബാല നാട്ടിലിറങ്ങുന്നതോടെ ജനങ്ങളും പരിഭ്രാന്തിയിലാണ്. രാജവെമ്ബാല കടിച്ചാല്‍ 6 മുതല്‍ 15 മിനിറ്റിനകം മരണം സംഭവിക്കാമെന്നും ഉടൻ വിദഗ്ധ ചികിത്സ ലഭിച്ചാല്‍ മാത്രമേ രക്ഷപ്പെടുത്താനാകൂ എന്നുമാണ് വിദഗ്ധർ പറയുന്നത്. കണ്ണൂരിന്‍റെ മലയോര മേഖലയില്‍ മാർച്ചില്‍ മാത്രം പത്തിലധികം രാജവെമ്ബാലകളെയാണ് വീട്ടുപരിസരങ്ങളില്‍ നിന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം മാത്രം പിടിയിലായത് നാല് രാജ വെമ്ബാലകളാണ്. ഇണചേരല്‍ കാലമായതോടെ രാജവെമ്ബാലകള്‍ കൂടുതലായി ഇവിടുത്തെ പ്രദേശങ്ങളിലേക്ക് ഇറങ്ങുകയാണ്.
പാമ്ബുകള്‍ ജനവാസ കേന്ദ്രങ്ങളില്‍ കൂടുതല്‍ കാണപ്പെടുന്നുണ്ടെന്നും ജാഗ്രത വേണമെന്നുമാണ് വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറും പാമ്ബ് പിടുത്തക്കാരനുമായ കണ്ണൂരിന്‍റെ സ്നേക്ക് മാസ്റ്ററായ ഫൈസല്‍ വിളക്കോട് പറയുന്നത്. വനം വകുപ്പില്‍ താത്കാലിക വാച്ചറാണ് ഫൈസല്‍. മാർക് സംഘടനയിലെ അംഗവുമാണ്. മൂന്ന് വർഷത്തിനുള്ളില്‍ മൂവായിരത്തിലധികം പാമ്ബുകളെ പിടികൂടിയിട്ടുണ്ട് ഇരിട്ടി സ്വദേശിയായ ഫൈസല്‍ വിളക്കോട്. ഇതില്‍ 87 എണ്ണം രാജ വെമ്ബാലകളാണ്. ചൂട് കൂടിയതോടെ പാമ്ബുണ്ടേയെന്ന വിളിയൊഴിഞ്ഞ് നേരമില്ലെന്നാണ് ഫൈസല്‍ പറയുന്നത്. പിടികൂടുന്ന രാജവെമ്ബാലകളെ കാട്ടിലാണ് തുറന്നുവിടുന്നത്. അണലിയും കൂടുതലായി ഇപ്പോള്‍ കാണുന്നുണ്ട്. അണലിയെ പിടിക്കാൻ അല്‍പ്പം പ്രയാസമാണെന്നാണ് ഫൈസല്‍ പറയുന്നത്.