പയ്യോളി> വടകര -മൂരാട് പുതിയ പാലം വാഹനങ്ങൾക്കായി തുറന്നുകൊടുത്തു. പ്രവൃത്തി പൂർത്തീകരിച്ച പാലത്തിെൻറ ഒരു ഭാഗമാണ് ട്രയൽ റണ്ണിനായി തുറന്നുകൊടുത്തത്. സ്വാതന്ത്ര്യത്തിനും മുൻപ് പണിത ദേശീയപാതയിലെ ഒറ്റവരി പാലത്തിലെ തീരാക്കുരുക്കിൻ്റെ ദുരിതമഴിഞ്ഞതോടെ നാട്ടുകാർക്കും ആഘോഷമായി.
കുറ്റ്യാടി പുഴയ്ക്ക് കുറുകെയുള്ള മൂരാട് പുതിയ നാല് വരി പാലത്തിെൻറ നിർമാണം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ടാണ് പുതിയ പാലത്തിലൂടെ വാഹനങ്ങൾ സഞ്ചരിച്ച് തുടങ്ങിയത്. ഈ ഭാഗത്തെ ദേശീയപാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി പാലത്തിൻ്റെ ഒരു ഭാഗം അടിയന്തിരമായി തുറക്കേണ്ടി വരികയായിരുന്നു. 32 മീറ്റർ വീതിയുള്ള പാലത്തിൻ്റെ ഒരു വരിയാണ് തുറന്നത്.
ഭൂമി ഏറ്റെടുത്തതിനും നിർമാണത്തിനുമായി 210 കോടി രൂപയാണ് ഇരുപാലങ്ങളുമടക്കം രണ്ട് കിലോമീറ്റർ ദൂരം വരുന്ന പാതയുടെ നിർമാണച്ചെലവ്.2021 തുടക്കത്തിൽ ആരംഭിച്ച നിർമാണ പ്രവൃത്തികൾ 2023 ഏപ്രിലോടെ പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് തുടക്കത്തിൽ തീരുമാനിച്ചത്. 2024 മെയ് മാസത്തോടെ പൂർണമായും തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ
ഹരിയാന ആസ്ഥാനമായുള്ള ഇ-ഫൈവ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡാണ് പാലം നിർമാണത്തിന്റെ കരാർജോലികൾ ഏറ്റെടുത്തിരിക്കുന്നത്. പാലം ഉറപ്പിക്കുന്നതിനായി നിർമ്മിച്ച ഒരു തൂണിന് ചരിവ് കണ്ടെത്തിയത് ഇടക്കാലത്ത് വിവാദമായിരുന്നു. പാലവും അപ്രോച്ച് റോഡും ഉൾപ്പെടെ 2.1 കി.മി പ്രത്യേക പദ്ധതിയായാണ് നിർമ്മിച്ചത്. .160ഓളം ജോലിക്കാരാണ് രാപ്പകൽ ഭേദമന്യേ രണ്ട് ഷിഫ്റ്റുകളിലായി ജോലിയിലേർപ്പെട്ടിരിക്കുന്നത്.