കൊച്ചി: രാവണപ്രഭു റീ റിലീസ് ആവേശത്തിൽ ആരാധകർ. 24 വർഷങ്ങൾക്കിപ്പുറവും മംഗലശേരി നീലകണ്ഠനും കാർത്തികേയനും ഇന്നും മലയാളികൾക്ക് അടങ്ങാത്ത ആവേശമാണ്. 4കെ അറ്റ്‌മോസില്‍ ഇന്ന് മുതൽ ആണ് രാവണപ്രഭു വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. എറണാകുളം കവിത തിയേറ്ററിൽ പ്രത്യേക ഫാൻസ് ഷോ സംഘടിപ്പിച്ചിരുന്നു. പാട്ടും ഡാൻസുമായാണ് രാവണപ്രഭു രണ്ടാം വരവ് ആരാധകർ ആഘോഷിച്ചത്. മോഹൻലാലിനെ പോലെ ഇത്രയധികം ആഷോഷിക്കപ്പെട്ട മറ്റൊരു നടൻ മലയാള സിനിമയിലില്ല എന്നാണ് ആരാധകരുടെ ഭാഷ്യം.
രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും കാര്‍ത്തികേയനും മുണ്ടക്കല്‍ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. 2001 ഒക്ടോബർ 5നായിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസ്. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സീക്വലായി എത്തിയ ചിത്രം വൻ വിജയമായിരുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം 4കെ അറ്റ്‌മോസില്‍ എത്തിക്കുന്നത് മാറ്റിനി നൗ ആണ്. മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ നെപ്പോളിയന്‍, സിദ്ദിഖ്, രതീഷ്, സായ് കുമാര്‍, ഇന്നസന്റ്, വസുന്ധര ദാസ്, രേവതി, ഭീമന്‍ രഘു, അഗസ്റ്റിന്‍, രാമു, മണിയന്‍പിള്ള രാജു തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നു.
സുരേഷ് പീറ്റേഴ്‌സിന്റേതാണ് സംഗീതം. മലയാളികൾ ഒന്നടങ്കം ആവേശത്തോടെ ഏറ്റെടുത്ത നിരവധി ഡയലോഗുകളും രംഗങ്ങളും ചിത്രത്തിലുണ്ട്. ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റാണ്. ഛോട്ടാ മുംബൈ ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റീ റിലീസ് ചെയ്ത ചിത്രം. സ്ഫടികം, ദേവദൂതൻ എന്നീ മോഹൻലാൽ ചിത്രങ്ങളും റീ റിലീസിനെത്തി ബോക്സോഫീസിൽ വൻ ഹിറ്റായി മാറിയിരുന്നു.