ഇത്‌ നശീകരണ മാധ്യമപ്രവർത്തനം, നാടിനെതിര്‌; വ്യാജ വാർത്തകൾക്കെതിരെ കണക്ക്‌ പറഞ്ഞ്‌ മുഖ്യമന്ത്രിയുടെ മറുപടി

news image
Sep 21, 2024, 6:53 am GMT+0000 payyolionline.in

തിരുവനന്തപുരം > കേരളത്തിൽ നടക്കുന്നത്‌ നശീകരണ മാധ്യമപ്രവർത്തനമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദ നിർമാണ ശാലകളായി മാധ്യമങ്ങൾ മാറിയെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ മെമ്മോറാണ്ടത്തിനെതിരെ വ്യാജ വാർത്ത റിപ്പോർട്ട്‌ ചെയ്ത മാധ്യമങ്ങളെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാജ വാർത്തകൾക്ക്‌ മുന്നിൽ കേരളം അവഹേളിക്കപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ കൊടുത്തതിന്‌ പിന്നാലെ കേരളം അനർഹമായ സഹായം തട്ടാൻ ശ്രമിക്കുന്നു എന്ന വ്യാജ കഥ ഉണ്ടായി. ഈ വാർത്തകളെല്ലാം പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തു. ഏതുവിധേനയും സംസ്ഥാന സർക്കാരിനെ അവഹേളിക്കുക എന്ന ലക്ഷ്യമാണ്‌ ഈ വാർത്തകൾക്ക്‌ പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

ദുരന്തത്തെ തുടർന്ന്‌ മെമ്മോറാണ്ടം തയ്യാറാക്കുന്നത്‌ മന്ത്രിമാർ അല്ല, അതിൽ പ്രാഗത്ഭ്യം തെളിയിച്ച വിദഗ്‌ദരാണ്‌. ഇങ്ങനെ വിദഗ്‌ദർ തയ്യാറാക്കിയ കണക്കുകളെയാണ്‌ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചത്‌. മെമ്മോറാണ്ടത്തിലുള്ളത്‌ പെരുപ്പിച്ച കണക്കുകൾ അല്ല, പ്രതീക്ഷിത കണക്കുകൾ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുണ്ടക്കെെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചിലവഴിക്കപ്പെട്ട കണക്കുകൾ വിശദീകരിച്ചായിരുന്നു വ്യാജ വാർത്തകൾക്കെതിരെ മുഖ്യമന്ത്രിയുടെ മറുപടി. ചാനലുകൾ തമ്മിലുള്ള മത്സരത്തിൽ അസത്യങ്ങളുടെ കുത്തൊഴുക്കാണ് മാധ്യമങ്ങളിലുണ്ടാവുന്നത്. വയനാട്ടിലുണ്ടായ ദുരന്തത്തിൽ നിന്ന് കേരളം കരകയറാൻ ശ്രമിക്കുമ്പോഴാണ് ചാനൽ റേറ്റിങ്ങിനായുള്ള മാധ്യമങ്ങളുടെ മത്സരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ മെമ്മോറാണ്ടത്തിനെതിരെ മാധ്യമങ്ങൾ നൽകിയ തലക്കെട്ടുകൾ മുഖ്യമന്ത്രി ഉദ്ധരിക്കുകയും ചെയ്തു. ‘ക്യാമ്പിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങിച്ചതിന് 11 കോടി, ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഏഴ് കോടി, പാലത്തിന് അടിയിലെ കല്ല് നിരത്തിയതിന് ഒരു കോടി. മൃതദേഹം സംസ്കരിക്കാന്‍ 2.76 കോടി.  എന്നിങ്ങനെ നീളുന്നു സര്‍ക്കാര്‍ കണക്ക്. പിന്നീട്  കൗണ്ടര്‍ പോയിന്റ്‌ എന്ന പരിപാടിയുടെ തലക്കെട്ട് ‘കണക്കില്‍ കള്ളമോ?’ എന്നാണ്‌.  ഒരു ചാനല്‍ മാത്രം തുറന്നു വിട്ട തലക്കെട്ടുകളാണിത്‌’.- മുഖ്യമന്ത്രി പറഞ്ഞു.

 

 

‘വിഷയത്തിൽ മറ്റൊരു ചാനൽ നൽകിയ തലക്കെട്ടുകള്‍ ഇങ്ങനെയാണ്. സര്‍ക്കാരിന്റെ അമിത ചെലവ് കണക്ക് പുറത്ത്, വളണ്ടിയര്‍മാരുടെ ഗതാഗതം നാല്‌ കോടി, ഭക്ഷണ ചെലവ് പത്തു കോടി, ദുരിതാശ്വാസ ക്യാമ്പിലെ ജനറേറ്റര്‍ ഏഴ്‌ കോടി, ക്യാമ്പിലെ ഭക്ഷണം എട്ടു കോടി, ബെയ്ലി പാലം ഒരു കോടി.  ഇങ്ങനെപോവുകയാണ് ഓരോ തലക്കെട്ടുകളും. ഇതിലെ ഓരോ വാചകങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്‌. പെട്ടെന്ന് കേള്‍ക്കുന്ന ആരെയും ഞെട്ടിക്കുന്ന കണക്കുകളാണിതൊക്കെ.’-മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe