ഇനി കളി നടക്കില്ല മക്കളേ; കൗമാര ഇൻസ്റ്റ അക്കൗണ്ടുകളിൽ നിയന്ത്രണം കടുപ്പിച്ച് മെറ്റ

news image
Oct 16, 2025, 1:48 am GMT+0000 payyolionline.in

കൗമാരക്കാർക്ക് ഇൻസ്റ്റഗ്രാമിൽ പുതിയ നിയന്ത്രണങ്ങൾ കടുപ്പിച്ച് മെറ്റ. കൗമാരക്കാരുടെ ഇൻസ്റ്റഗ്രാം ഉപയോഗം കൂടുതൽ സുരക്ഷിതമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 18 വയസിന് താഴെയുള്ള കൗമാരക്കാരുടെ അക്കൗണ്ടുകൾ പി.ജി-13 സിനിമാ റേറ്റിങ് അടിസ്ഥാനമാക്കിയുള്ള ഉള്ളടക്ക നിലവാരം കൊണ്ടുവരുന്നതാണ് പുതിയ ഇൻസ്റ്റഗ്രാം പോളിസി. യു.എസ്, യു.കെ, ആസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിലാണ് പുതിയ അപ്ഡേറ്റ് ആദ്യം പരീക്ഷിക്കുന്നത്. ദോഷകരമായേക്കാവുന്ന ഉള്ളടക്കങ്ങളിലേക്കുള്ള കുട്ടികളുടെ അമിത കടന്നുകയറ്റം തടയുക എന്നതാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

ടീന്‍ അക്കൗണ്ടുകളില്‍ ഈ നിയന്ത്രണം എടുത്തു മാറ്റണമെങ്കില്‍ മാതാപിതാക്കള്‍ അതിന് അനുമതി നല്‍കണം. കൗമാരക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണം ആവശ്യമാണെന്ന് തോന്നുന്ന മാതാപിതാക്കളെ ലക്ഷ്യമിട്ട് പുതിയ സ്റ്റിക്‌ടര്‍ (ലിമിറ്റഡ് കണ്ടന്‍റ്) സെറ്റിങും മെറ്റ അവതരിപ്പിച്ചിട്ടുണ്ട്. 13+ പോലെ തന്നെ ഇതിലും കമന്‍റുകളും മെസേജുകള്‍ക്കും നിയന്ത്രണമുണ്ട്. ഇതിലൂടെ ഫിൽട്ടർ ചെയ്ത ശേഷം മാത്രം കണ്ടന്‍റുകൾ കുട്ടികളിൽ എത്തുന്നതിന് സഹായിക്കുന്നു. ഈ കർശനമായ ക്രമീകരണം പ്രവർത്തനക്ഷമമാക്കുമ്പോൾ കൗമാരക്കാർക്ക് ഫിൽട്ടർ ചെയ്ത പോസ്റ്റുകൾ കാണുന്നതിനോ ഷെയർ ചെയ്യുന്നതിനോ അഭിപ്രായങ്ങൾ പങ്കുവെക്കുന്നതിനോ കഴിയാതെ വരും. ഇൻസ്റ്റാഗ്രാമിൽ കൗമാരക്കാർ എന്ത് കാണുന്നു എന്നതിൽ മാതാപിതാക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകാൻ പുതിയ ലിമിറ്റഡ് കണ്ടന്റ് ക്രമീകരണത്തിലൂടെ കഴിയുന്നു.

കഴിഞ്ഞ വർഷമാണ് മെറ്റ കൗമാര അക്കൗണ്ടുകൾ അവതരിപ്പിച്ചത്. അതിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റാണിത്. നഗ്നത, ലൈംഗിക ചിത്രങ്ങൾ, അശ്ലീല പോസുകൾ, അപകടകരമായ സ്റ്റണ്ടുകൾ എന്നിവ അടങ്ങിയ ഉള്ളടക്കം കുട്ടികളുടെ അക്കൗണ്ടുകളിൽ നിന്നും ഒഴിവാക്കുന്നു. കൗമാരക്കാർ ഈ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചേക്കാൻ സാധ്യതയുണ്ടെന്നും അതുകൊണ്ടാണ് പ്രായ പ്രവചന സാങ്കേതികവിദ്യ ഉപയോഗിക്കുന്നുവെന്നും മെറ്റ അഭിപ്രായപ്പെടുന്നു. ഒരു സിസ്റ്റവും പൂർണതയുള്ളതല്ലെന്ന് തിരിച്ചറിയുന്നുവെന്നും കാലക്രമേണ മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി അറിയിച്ചു.

കൗമാര അക്കൗണ്ടുകളിലെ പുതിയ കണ്ടന്‍റ് നിയന്ത്രണങ്ങളെ കുറിച്ച് വിശദീകരിക്കുന്ന വിഡിയോ മെറ്റ പുറത്തുവിട്ടിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലെ സെറ്റിങ്സിൽ പ്രവേശിച്ച് ടീന്‍ അക്കൗണ്ട് സെറ്റിങ് എന്ന ഒപ്ഷന്‍ തെരഞ്ഞെടുക്കുക. അതില്‍ വാട്ട് യു സീ എന്നൊരു ഓപ്ഷന്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്‌ത് കണ്ടന്‍റ് സെറ്റിങ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അതില്‍ 13+ ആണോ ഡിഫോള്‍ട്ടായി കിടക്കുന്നത് എന്ന് നോക്കുക. അല്ലെങ്കില്‍ 13+ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌ത് ഉറപ്പുവരുത്തുക. കണ്ടന്‍റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് 13+ന് തൊട്ടുമുകളിലായി കാണുന്ന ലിമിറ്റഡ‍് കണ്ടന്‍റ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഇന്‍സ്റ്റയില്‍ ആദ്യ ഘട്ടത്തില്‍ യു.എസിലും യു.കെയിലും ആസ്ട്രേലിയയിലും കാനഡയിലും എത്തിയിരിക്കുന്ന പുത്തന്‍ ഫീച്ചറുകള്‍ വരും മാസങ്ങളില്‍ മറ്റ് രാജ്യങ്ങളിലേക്കുമെത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe