കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി മുതൽ പഠനത്തിനൊപ്പം ജോലി ചെയ്യാനും അവസരം. ഇതിനായി സർക്കാർ ‘ഇന്റേണ്‍ഷിപ് കേരള’ എന്ന പോര്‍ട്ടല്‍ കൊണ്ട് വരുന്നു.
കെല്‍ട്രോണുമായി സഹകരിച്ച് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ആണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്. കേരള, കലിക്കറ്റ്, എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ കെല്‍ട്രോണുമായി ഇന്റേണ്‍ഷിപ്പിന് കരാറൊപ്പിട്ടു. സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിന് അവസരങ്ങളാണ് ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക.
നിലവിൽ അറുന്നൂറോളം സ്ഥാപനങ്ങൾ പോര്‍ട്ടലില്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്, ലോജിസ്റ്റിക്‌സ്, ആരോഗ്യം, ടൂറിസം, വസ്‌ത്രമേഖല, മീഡിയ ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ്, റോബോട്ടിക്‌സ്, സ്‌പോര്‍ട്സ് ആന്‍ഡ് ഫിറ്റ്നസ് മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് ഇപ്പോൾ രജിസ്റ്റർ ചെയ്തവയിൽ ഏറെയും. പഠനത്തിനൊപ്പം മെച്ചപ്പെട്ട കരിയര്‍ ലഭ്യമാക്കുകയാണ് പോര്‍ട്ടലിന്റെ ലക്ഷ്യം.
കഴിഞ്ഞ അധ്യയന വര്‍ഷം നാലുവര്‍ഷ ബിരുദ കോഴ്സ് സർക്കാർ ആരംഭിച്ചിരുന്നു. നാലുവര്‍ഷ ബിരുദത്തിന്റെ നാല്, എട്ട് സെമസ്റ്ററുകളിലാണ് ഇന്റേണ്‍ഷിപ് ചെയ്യാൻ വിദ്യാര്‍ഥികൾക്ക് അവസരമൊരുക്കുന്നത്. ഇന്റേണ്‍ഷിപ്പിലൂടെ രണ്ടു മുതല്‍ നാല് ക്രെഡിറ്റ് വരെ വിദ്യാര്‍ഥിക്ക് ലഭിക്കും.
പാഠ്യവിഷയത്തിന് അനുസരിച്ചാകും ഇന്റേണ്‍ഷിപ്പിനുള്ള സ്ഥാപനം തെരഞ്ഞെടുക്കുക. ഏകോപനത്തിന് സംസ്ഥാന, ജില്ലാ കോ–ഓഡിനേറ്റർമാരെ നിയമിക്കും. പോര്‍ട്ടലിന്റെ ഉദ്ഘാടനം ഒക്ടോബർ 22ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിർവഹിക്കും.