ഇനി ഡിജിറ്റല്‍ ആര്‍.സി ബുക്ക്; ആധാറില്‍ നൽകിയ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണം

news image
Feb 11, 2025, 9:08 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിൽ ഡിജിറ്റല്‍ ആര്‍.സി ബുക്കുകള്‍ 2025 മാര്‍ച്ച് ഒന്ന് മുതല്‍ ലഭ്യമാകുമെന്ന് ഗതാഗത കമ്മിഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചു. ആര്‍.സി ബുക്ക് പ്രിന്റ് എടുത്തു നല്‍കുന്നതിനു പകരമാണ് ഡിജിറ്റലായി നല്‍കുന്നത്.

വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി പരിവാഹന്‍ വെബ്‌സൈറ്റില്‍നിന്ന് ആര്‍.സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. മോട്ടര്‍ വാഹന വകുപ്പ് ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായാണ് നടപടി.

ഇതോടൊപ്പം, എല്ലാ വാഹന ഉടമകളും ആര്‍.സി ബുക്ക് ആധാറില്‍ കൊടുത്ത മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണമെന്നും ഗതാഗത കമ്മിഷണര്‍ നിര്‍ദേശിച്ചിരിക്കയാണ്. ഉടമസ്ഥാവകാശം മാറ്റുന്നതിനുൾപ്പെടെ ഇത് ഉപയോഗപ്പെടും. ഇത്തരത്തില്‍ ബന്ധപ്പെടുത്തിയില്ലെങ്കില്‍ ഉടമയുടെ അനുവാദം കൂടാതെ ആര്‍ക്കു വേണമെങ്കിലും വിവരങ്ങള്‍ മാറ്റാന്‍ കഴിയും.

ആധാറില്‍ കൊടുത്ത മൊബൈൽ നമ്പറുമായി ബന്ധപ്പെടുത്തിയാല്‍ വാഹന ഉടമക്ക് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ചു മാത്രമേ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്താന്‍ സാധിക്കൂ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe