ഊബർ, ഒല, റാപ്പിഡോ തുടങ്ങിയ ഓൺലൈൻ ടാക്സി സർവീസുകൾക്ക് തിരക്കുളള സമയങ്ങളിൽ അടിസ്ഥാന നിരക്കിന്‍റെ രണ്ടിരട്ടി വരെ ഈടാക്കാം. റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പുറത്തിറക്കിയ 2025ലെ മോട്ടോർ വെഹിക്കിൾ ആഗ്രിഗേറ്റർ ഗൈഡ് ലൈനിലാണ് പുതിയ ഉത്തരവുളളത്.
യാത്രക്കാരുടെ സുരക്ഷയും ഡ്രൈവർമാരുടെ ക്ഷേമവും ഉറപ്പു വരുത്താനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ മാർഗ നിർദേശം. നിരക്ക് വർധനക്കൊപ്പം അടിസ്ഥാന നിരക്കിനെക്കാൾ 50 ശതമാനം വരെ ഇളവും വാഗ്ദാനം ചെയ്യുന്നുണ്ട്. യാത്രാ ദൂരം മൂന്നു കിലോമീറ്റിറിൽ കൂടുതലാണെങ്കിൽ മാത്രമേ ഡെഡ് മൈലേജ് ചാർജ് ഈടാക്കൂവെന്നും മാർഗ നിർദേശത്തിലുണ്ട്. മാത്രമല്ല യാത്രക്കാരൻ കയറിയ ഇടം മുതൽ ഇറങ്ങിയ ഇടം വരെയുള്ള ചാർജ് മാത്രമേ വാങ്ങാനും പാടുള്ളൂ.
അനിയന്ത്രിതമായി ബുക്ക് ചെയ്ത റൈഡ് കാൻസൽ ചെയ്യുന്നതിനെതിരെയും മാർഗ നിർദേശത്തിൽ പറയുന്നുണ്ട്. കാരണമില്ലാതെ റദ്ദു ചെയ്യുന്ന റൈഡുകൾക്ക് 100 രൂപയുടെ 10 ശതമാനം എന്ന നിലക്ക് പിഴ ഈടാക്കാം. ഇത്തരത്തിൽ ഈടാക്കുന്ന കാൻസലേഷൻ ചാർജ് ഡ്രൈവറും കമ്പനിയും പങ്കിടുമെന്നും മാർഗനിർദേശത്തിൽ പറയുന്നു. സ്വന്തം വാഹനം ഓടിക്കുന്നവർക്ക് ചാർജിന്‍റെ 80 ശതമാനവും കമ്പനി വാഹനം ഓടിക്കുന്നവർക്ക് 60 ശമാനവും ആണ് ലഭിക്കുക.
അതത് സംസ്ഥാനങ്ങളുടെ അനുമതിയോടെ സ്വകാര്യ വാഹനങ്ങളും ടാക്സി സർവീസിന് ഉപയോഗിക്കാമെന്ന നിർദേശം ഒരു പരിധിവരെ ഓൺലൈൻ ടാക്സികൾക്ക് ആശ്വാസമാകും. കർണാടക പോലുള്ള സംസ‍്ഥാനങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വ്യക്തത വരുത്താൻ ഇത് സഹായിക്കുമെന്നും കരുതുന്നു.
ഗതാഗത കുരുക്കും വാഹനങ്ങൾ മൂലമുള്ള മലിനീകരണം ഇല്ലാതാക്കാനും ഉപജീവന അവസരങ്ങൾ ഒരുക്കി നൽകാനും വേണ്ടിയാണ് പുതിയ നടപടി എന്ന് മന്ത്രാലയം അറിയിച്ചു.